| Tuesday, 24th March 2020, 1:14 pm

'കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ ആവശ്യപ്പെട്ടത് കുഴിമന്തിയും കിലോക്കണക്കിന് പാല്‍പ്പൊടിയും'; അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 ന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ഹോം ക്വാറന്റൈനില്‍ കഴിയുന്ന ഒരാള്‍ കോര്‍പ്പറേഷനില്‍ വിളിച്ച് കിലോക്കണക്കിന് പാല്‍പ്പൊടിയും തേയിലയും ആവശ്യപ്പെട്ടതായാണ് മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീട്ടില്‍ ആളുകള്‍ കുറവാണെങ്കിലും അനാവശ്യമായി പലവ്യജ്ഞനം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആവശ്യപ്പെടുന്നതായാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ പരാതി. പ്രത്യേക കമ്പനിയുടെ കറി പൗഡര്‍ മുതല്‍ കുഴിമന്തിവരെ  ആവശ്യപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അവലോകന യോഗത്തില്‍ എച്ച്.ഐമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രം സൗജന്യമായി സാധനങ്ങള്‍ എത്തിക്കാനും അല്ലാത്തവരില്‍ നിന്നും സാധനത്തിന്റെ വില ഈടാക്കാനും ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയ ആളുകളേയാണ് 14 ദിവസത്തേക്കും മറ്റും കര്‍ശനമായി വീടുകളില്‍ നിരീക്ഷിക്കുന്നത്. ഇവര്‍ പുറത്തിറങ്ങാനും മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കാനുമാണ് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയത്.

ഓരോയിടങ്ങളിലേയും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരത്തില്‍ ചുമതല നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള 5000 രൂപയില്‍ നിന്നാണ് ഈ ചിലവ് വഹിക്കേണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more