ഇന്നലെ കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 11ാം തിയതി കോഴിക്കോട് വിമാനത്താവളത്തിലാണ് ഇദ്ദേഹം ഇറങ്ങിയത്. അതിന് ശേഷം കോഴിക്കോടുള്ള ഹോട്ടലില്‍ തങ്ങി. അതിന് ശേഷം 12ാം തിയതി മാവേലി എക്‌സ്പ്രസിലാണ് അദ്ദേഹം കാസര്‍ഗോഡ് എത്തിയത്.
12ാം തിയതി മുതല്‍ 17ാം തിയതി വരെ അദ്ദേഹം നാട്ടിലുണ്ടായിരുന്നു. ഈ കാലയളവില്‍ രണ്ട് കല്യാണത്തിലും നിരവധി പൊതുപരിപാടിയിലും ഇദ്ദേഹം പങ്കെടുത്തു. മാത്രമല്ല കാസര്‍ഗോഡ് നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആളുകളെ ട്രേസ് ചെയ്യുക എന്ന വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പും കാസര്‍ഗോഡ് ജില്ലാ ഭരണകൂടവും ഇപ്പോള്‍ നേരിടുന്നത്.
രണ്ട് ലക്ഷത്തോളം പ്രവാസികള്‍ ഉള്ള ജില്ലയാണ് കാസര്‍ഗോഡ്. അതുകൊണ്ട് തന്നെ ഗള്‍ഫില്‍ നിന്നും പ്രത്യേകിച്ചും ദുബായിലെ നൈഫ് എന്ന പ്രദേശത്തുനിന്നും അടുത്തകാലത്ത് എത്തിയിട്ടുള്ള എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ താന്‍ കളക്ടറുമായി സംസാരിച്ചിരുന്നെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സ്വയം തയ്യാറായതാണെന്നും നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. മറ്റുള്ളവരും ഇത് മാതൃകയാക്കണം. നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ബോധം വന്നിട്ടില്ല. ഈ അവധി ആഘോഷിക്കുകയാണ് പലരും. അത് ചെയ്യരുത്. ഇനിയും ഇവിടെ വേണ്ടത്ര ജാഗ്രത ഉണ്ടായിട്ടില്ല.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വീട്ടിലെ കല്യാണത്തിന് പോയിരുന്നു. പക്ഷേ അന്ന് ഈ വ്യക്തിക്ക് വൈറസ് ഉണ്ട് എന്ന കാര്യം അറിയില്ലായിരുന്നു. ഇപ്പോഴാണ് അറിഞ്ഞത്. അതുകൊണ്ടാണ് നിരീക്ഷണത്തില്‍ കഴിയാന്‍
തീരുമാനിച്ചത്.
സര്‍ക്കാരോ ആരോഗ്യവകുപ്പോ വിചാരിച്ചാല്‍ മാത്രം നമുക്ക് ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ല. ഓരോരുത്തരും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഈ വൈറസിനോട് പൊരുതി ജയിക്കാനാവുള്ളൂവെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.