| Friday, 6th March 2020, 2:27 pm

കൊറോണ; അമൃതാനന്ദമയിയുടെ ദര്‍ശനവും ആലിംഗനവും ഇനിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍, ദര്‍ശനം നിര്‍ത്തിവെച്ച് അമൃതാനന്ദമയി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇനി മുതല്‍ ഭക്തര്‍ക്ക് കൊല്ലത്തെ ആശ്രമത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് മഠം അധികൃതര്‍ അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ദൈനംദിന ദര്‍ശനം ഉണ്ടായിരിക്കില്ലെന്നാണ് കൊല്ലം അമൃതാനന്ദമയി മഠം അറിയിച്ചിരിക്കുന്നത്. മഠത്തില്‍ എത്തുന്ന എല്ലാ ആളുകളേയും ആലിംഗനം ചെയ്യുന്നതാണ് അമൃതാനന്ദമയിയുടെ രീതി. വിദേശികളടക്കം നിരവധി ആളുകളാണ് മഠത്തില്‍ എത്താറുള്ളത്. ഒരു ദിവസം മൂവായിരത്തോളം ആളുകള്‍ വരെ കൊല്ലത്തുള്ള ആശ്രമത്തില്‍ എത്താറുണ്ടെന്ന് മഠം അധികൃതര്‍ തന്നെ പറയുന്നു.

”നിര്‍ബന്ധിത ക്വാറന്‍ന്റൈനുകള്‍, ദൈനംദിന ആരോഗ്യ പരിശോധനകള്‍, മറ്റ് പ്രോട്ടോക്കോളുകള്‍ എന്നിവ ഉള്ളതിനാല്‍ അമൃതപുരി ആശ്രമത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്ന് നിങ്ങളെ അറിയിക്കുകയാണ്. ഈ അവസരത്തില്‍ നിങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇതില്‍ ഇന്ത്യന്‍ പൗരന്മാരും വിദേശ-പാസ്പോര്‍ട്ട് ഉടമകളും (ഒസിഐ ഉടമകള്‍ )അടക്കം ഉള്‍പ്പെടും. പകല്‍ സന്ദര്‍ശനങ്ങളും രാത്രി താമസവും അനുവദിക്കില്ല”, അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

മഠം സന്ദര്‍ശകരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ടെങ്കിലും ബുധനാഴ്ച വരെ ആശ്രമത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.

എന്നാല്‍ വൈറസ് പടരാതിരിക്കാന്‍ ശാരീരിക സമ്പര്‍ക്കം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമായതിനാല്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആശ്രമം അധികൃതരെ സമീപിക്കുകയായിരുന്നു.

”കൊല്ലത്തുള്ള അമൃതാനന്ദമയീ മഠത്തില്‍ ഒരു സമയം 15,000 ത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ത്ഥനാ ഹാളാണ് ഉള്ളത്. എല്ലാ ദിവസവും രാവിലെ 9 മണിക്കാണ് അമൃതാനന്ദമയി ഭക്തരെ കാണാന്‍ എത്തുന്നത്. പലപ്പോഴും അത് അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കും. അപകടസാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി ഞങ്ങള്‍ ദര്‍ശനം റദ്ദാക്കുകയാണ്”, ആശ്രമ പ്രതിനിധി ദി ഹിന്ദുവിനോട് പറഞ്ഞു.

അതേസമയം, വിദേശത്ത് നിന്നും എത്തി ദല്‍ഹി, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ നഗരങ്ങളില്‍ തങ്ങുന്നവര്‍ ഹോം ക്വാറന്റൈന്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

സാമ്പിളുകള്‍ നെഗറ്റീവ് ആണെങ്കില്‍ പോലും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല. 14 ദിവസം വീടുകളില്‍ തന്നെ തുടരേണ്ടത് നിര്‍ബന്ധമാണ്.

നിലവില്‍ കൊല്ലം ജില്ലയില്‍ 32 പേരെ വീടുകളില്‍ നിരീക്ഷിക്കുന്നുണ്ട്. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.വി.ഷേര്‍ലി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more