കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍, ദര്‍ശനം നിര്‍ത്തിവെച്ച് അമൃതാനന്ദമയി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇനി മുതല്‍ ഭക്തര്‍ക്ക് കൊല്ലത്തെ ആശ്രമത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് മഠം അധികൃതര്‍ അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ദൈനംദിന ദര്‍ശനം ഉണ്ടായിരിക്കില്ലെന്നാണ് കൊല്ലം അമൃതാനന്ദമയി മഠം അറിയിച്ചിരിക്കുന്നത്. മഠത്തില്‍ എത്തുന്ന എല്ലാ ആളുകളേയും ആലിംഗനം ചെയ്യുന്നതാണ് അമൃതാനന്ദമയിയുടെ രീതി. വിദേശികളടക്കം നിരവധി ആളുകളാണ് മഠത്തില്‍ എത്താറുള്ളത്. ഒരു ദിവസം മൂവായിരത്തോളം ആളുകള്‍ വരെ കൊല്ലത്തുള്ള ആശ്രമത്തില്‍ എത്താറുണ്ടെന്ന് മഠം അധികൃതര്‍ തന്നെ പറയുന്നു.
”നിര്‍ബന്ധിത ക്വാറന്‍ന്റൈനുകള്‍, ദൈനംദിന ആരോഗ്യ പരിശോധനകള്‍, മറ്റ് പ്രോട്ടോക്കോളുകള്‍ എന്നിവ ഉള്ളതിനാല്‍ അമൃതപുരി ആശ്രമത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്ന് നിങ്ങളെ അറിയിക്കുകയാണ്. ഈ അവസരത്തില്‍ നിങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇതില്‍ ഇന്ത്യന്‍ പൗരന്മാരും വിദേശ-പാസ്പോര്‍ട്ട് ഉടമകളും (ഒസിഐ ഉടമകള്‍ )അടക്കം ഉള്‍പ്പെടും. പകല്‍ സന്ദര്‍ശനങ്ങളും രാത്രി താമസവും അനുവദിക്കില്ല”, അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
മഠം സന്ദര്‍ശകരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ടെങ്കിലും ബുധനാഴ്ച വരെ ആശ്രമത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ വൈറസ് പടരാതിരിക്കാന്‍ ശാരീരിക സമ്പര്‍ക്കം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമായതിനാല്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആശ്രമം അധികൃതരെ സമീപിക്കുകയായിരുന്നു.