പത്തനംതിട്ട: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലും ഗുരുവായൂരിലും തീര്‍ത്ഥാടകര്‍ക്ക് വിലക്ക്. ശബരിമലയിലെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ദേവസ്വം ബോര്ഡിനോടും ജില്ലാ ഭരണകൂടത്തിനോടും പൊലീസ് മേധാവിയോടുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ മാസം 29നാണ് കൊടിയേറ്റോട് കൂടി ശബരിമലയില്‍ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രില്‍ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതല്ല.
ഗുരുവായൂരിലും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. നാളെ മുതല്‍ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ മാത്രം 9 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 235 പേര്‍ പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റിലും 501 പേര്‍ സെക്കണ്ടറി കോണ്‍ടാക്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കോവിഡ് – 19 രോഗബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രോഗവ്യാപ്തി വര്‍ധിക്കുന്നതിന് കാരണമാകുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോവിഡ് 19 ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണത്തില്‍ എല്ലാവരുടെയും സഹകരണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
DoolNews Video