| Wednesday, 13th March 2024, 12:10 pm

ആ സൂപ്പര്‍സ്റ്റാര്‍ സ്‌കൂളിന്റെ അഡ്രസ് വാങ്ങി പഠിക്കാനുള്ള പണമയച്ചു തന്നു; അതോടെ ഞാന്‍ ഫേമസായി: കോവൈ സരള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

41 വര്‍ഷങ്ങള്‍ കൊണ്ട് 900ത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ച താരമാണ് കോവൈ സരള. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ സിനിമകളിലൂടെ താരം ഏറെ ശ്രദ്ധേയയാണ്.

മലയാളത്തില്‍ നിറം സിനിമയിലെ രുക്കു, കേരള ഹൗസ് ഉടന്‍ വില്‍പനക്ക് സിനിമയിലെ പാര്‍വതി അമ്മാള്‍ എന്നീ കഥാപാത്രങ്ങളും ഏറെ സ്വീകാര്യത നേടിയിരുന്നു.

മൂന്ന് തവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാടിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ കോവൈ സരള ഒരു മലയാളിയാണ്. ബ്രഹ്‌മാനന്ദം, ഗൗണ്ഡമണി, സെന്തില്‍, വടിവേലു, വിവേക് ഉള്‍പ്പെടെയുള്ള എല്ലാ മുന്‍നിര ഹാസ്യനടന്മാര്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.

എം.ജി.ആറിന്റെ കടുത്ത ആരാധികയായിരുന്നു കോവൈ സരള. ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ എം.ജി.ആറിനെ കുറിച്ച് പറയുകയാണ് താരം.

‘തമിഴില്‍ എം.ജി.ആറിന് ഒരുപാട് ഫാന്‍സുണ്ട്. ഞാനും എം.ജി.ആറിന്റെ വലിയ ഫാനായിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. എം.ജി.ആര്‍ കോയമ്പത്തൂരില്‍ സ്ഥിരം വരുന്ന ഒരു ഹോട്ടലുണ്ടായിരുന്നു.

അദ്ദേഹത്തെ കാണാന്‍ വേണ്ടി ഞാന്‍ സ്‌കൂളില്‍ പോകാതെ സ്ഥിരം അവിടേക്ക് പോകും. ഏഴ് മണിക്ക് സ്‌കൂള്‍ യൂണിഫോമില്‍ അവിടെ പോയി നില്‍ക്കും. അദ്ദേഹത്തെ കാണുമ്പോള്‍ കൈ വീശി കാണിച്ചിട്ട് സ്‌കൂളിലേക്ക് മടങ്ങും.

അങ്ങനെ ഒരു പത്ത് ദിവസം തുടര്‍ച്ചയായി എന്നെ അവിടെ കണ്ടതോടെ എം.ജി.ആര്‍ ഈ കുട്ടി ആരാണെന്ന് ചോദിച്ചു കൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു. എന്തിനാണ് എന്നെ വിളിക്കുന്നതെന്ന് ആലോചിച്ചിട്ട് ഞാന്‍ പെട്ടെന്ന് പേടിച്ചു.

അദ്ദേഹം തമിഴില്‍ എന്നോട് എന്താണ് പേരെന്ന് ചോദിച്ചു. സരള കുമാരിയെന്ന് പറഞ്ഞതോടെ സ്‌കൂളില്‍ പോയില്ലേയെന്ന ചോദ്യം വന്നു. ഇല്ല, നിങ്ങളെ കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ എന്റെ സ്‌കൂളിന്റെ അഡ്രസ് വാങ്ങി.

അതോടെ എന്റെ പേടി കൂടി. ഇനി സ്‌കൂളില്‍ പോയി അദ്ദേഹം പരാതിപ്പെടുമോയെന്ന് ഞാന്‍ ഓര്‍ത്തു. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ എനിക്ക് പഠിക്കാനുള്ള പണം അദ്ദേഹം അയച്ചു തരാന്‍ തുടങ്ങി. എനിക്ക് അത് വലിയ ഷോക്കായിരുന്നു.

അപ്പോഴേക്കും സ്‌കൂളില്‍ ഞാന്‍ ഫേമസായി. എം.ജി.ആര്‍ പഠിപ്പിക്കുന്ന കുട്ടിയെന്നാണ് അവര്‍ എന്നെ കുറിച്ച് പറഞ്ഞത്. പത്താം ക്ലാസ് വരെ അദ്ദേഹം എനിക്ക് പൈസ അയച്ചു തന്നിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഒന്നും ചോദിച്ചിരുന്നില്ല,’ കോവൈ സരള പറഞ്ഞു.


Content Highlight: Kovai Sarala Talks About M.G.R

We use cookies to give you the best possible experience. Learn more