കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറു വയസുകാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്ഥലം എം.എല്‍.എ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സി.പി.ഐ.എം നേതാവ് പി.ജയരാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പേരാവൂര്‍ എം.എല്‍.എ അഡ്വ.സണ്ണി ജോസഫിനെ പേരെടുത്ത് പറയാതെ ജയരാജന്‍ വിമര്‍ശിച്ചത്.
കൊച്ചിയില്‍ നടിയെ ഡ്രൈവര്‍ മൃഗീയമായി പീഡിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്സ് എം എല്‍ എ പി ടി തോമസ് 24 മണിക്കൂറാണ് ഉപവാസം നടത്തിയത്.സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി തോമസിന് അഭിവാദ്യങ്ങള്‍ നേര്‍ന്നു. എന്നാല്‍ ഇങ്ങ് കണ്ണൂരിലെ കൊട്ടിയൂരില്‍ 16 വയസുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് ഗര്ഭിണിയാക്കുകയും പ്രസവം പോലും ആരോരും അറിയാതിരിക്കാന്‍ സമൂഹത്തിലെ പ്രബലരായ ചിലരുടെ സംരക്ഷണത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്ത ഹീനമായ കൃത്യം പുറത്ത് വന്നിട്ടും അവിടത്തെ എം എല്‍ എയെ കാണാന്‍ സാധിച്ചില്ലെന്നായിരുന്നു ജയരാജന്റെ വിമര്‍ശനം.
കണ്ണൂര്‍ എം പി ശ്രീമതി ടീച്ചര്‍ പെണ്‍കുട്ടിയുടെ വീടും സ്ഥലവും സന്ദര്‍ശിച്ച് ഈ ക്രൂരകൃത്യത്തിനെതിരെ ശക്തമായി പ്രതികരിച്ച കാര്യം മാധ്യമങ്ങളിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്തുകൊണ്ട് കോണ്‍ഗ്രസ്സ് നേതാവായ പേരാവൂര്‍ എം എല്‍ എ സ്ഥലത്തെത്തി ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെന്നും ജയരാജന്‍ ചോദിക്കുന്നു.
എം എല്‍ എ യുടെ ഇപ്പോഴത്തെ “മുങ്ങലിന്” കാരണം ഈ സംഭവം പൊതുസമൂഹം അറിയുന്നത് ഒഴിവാക്കാന്‍ നടത്തിയ ഇടപെടലുകളില്‍ നേരത്തെ ഉള്‍പ്പെട്ടത് കൊണ്ടാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടെന്നും ജയരാജന്‍ കുറിക്കുന്നു.
പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കൊച്ചിയില്‍ നടിയെ ഡ്രൈവര്‍ മൃഗീയമായി പീഡിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്സ് എം എല്‍ എ ശ്രീ:പി ടി തോമസ് 24 മണിക്കൂറാണ് ഉപവാസം നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി തോമസിന് അഭിവാദ്യങ്ങള്‍ നേര്‍ന്നു. എന്നാല്‍ ഇങ് കണ്ണൂരിലെ കൊട്ടിയൂരില്‍ 16 വയസുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് ഗര്ഭിണിയാക്കുകയും പ്രസവം പോലും ആരോരും അറിയാതിരിക്കാന്‍ സമൂഹത്തിലെ പ്രബലരായ ചിലരുടെ സംരക്ഷണത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്ത ഹീനമായ കൃത്യം വെളിക്ക് വന്നിട്ടും അവിടത്തെ എം എല്‍ എ യെ കാണാനില്ല. കണ്ണൂര്‍ എം പി ശ്രീമതി ടീച്ചര്‍ പെണ്‍കുട്ടിയുടെ വീടും സ്ഥലവും സന്ദര്‍ശിച്ച് ഈ ക്രൂരകൃത്യത്തിനെതിരെ ശക്തമായി പ്രതികരിച്ച കാര്യം മാധ്യമങ്ങളിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്തെ കോണ്‍ഗ്രസ്സ് നേതാവായ പേരാവൂര്‍ എം എല്‍ എ സ്ഥലത്തെത്തി ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിര്‍വഹിക്കാതിരുന്നത്?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തു ഇതേ കൊട്ടിയൂരില്‍ ഒരു ആദിവാസി ആത്മഹത്യ ചെയ്തപ്പോള്‍ അതൊരു കൊലപാതകമാക്കാനും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനും അറസ്‌റ് ചെയ്ത് പീഡിപ്പിക്കാനും എന്തൊരു വ്യഗ്രതയായിരുന്നു ഈ എം എല്‍ എക്ക്.
എം എല്‍ എ യുടെ ഇപ്പോഴത്തെ “മുങ്ങലിന്” കാരണം ഈ സംഭവം പൊതുസമൂഹം അറിയുന്നത് ഒഴിവാക്കാന്‍ നടത്തിയ ഇടപെടലുകളില്‍ നേരത്തെ ഉള്‍പ്പെട്ടത് കൊണ്ടാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഇതിന് മറുപടി നല്‍കേണ്ടത് എം എല്‍ എ യുടെ ഉത്തരവാദിത്വമാണ്.
ഇക്കാര്യത്തില്‍ എം എല്‍ എ വാ തുറക്കണം. കത്തോലിക്കാ സഭയുടെ മാനന്തവാടി രൂപ പോലും പ്രതികരിച്ചിട്ടും എം എല്‍ എ പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കൊട്ടിയൂരില്‍ വിശ്വാസികള്‍ ഉള്‍പ്പടെ ഉള്ള ജനങ്ങള്‍ നടത്തുന്ന പ്രതീഷേധ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന എം എല്‍ എ യുടെ നടപടിക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം.