ജയിലില്‍ ബിരിയാണി കഴിച്ചില്ല; കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന് ടി.പി കേസ് പ്രതികളുടെ മര്‍ദ്ദനം
Crime
ജയിലില്‍ ബിരിയാണി കഴിച്ചില്ല; കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന് ടി.പി കേസ് പ്രതികളുടെ മര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2018, 7:48 am

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരിയെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മര്‍ദ്ദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒരു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ടി.പി കേസ് പ്രതികള്‍ മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.ഇവിടെ എത്തിയപ്പോഴാണ് ടി.പി കേസിലെ പ്രതികള്‍ റോബിനെ മര്‍ദ്ദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.പി കേസിലെ പ്രതികളായ കിര്‍മാണി മനോജ്, ടി.കെ രജീഷ് എന്നിവര്‍ക്കൊപ്പമാണ് റോബിന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.

ജയിലിലെത്തിയ ഉടന്‍ റോബിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നതായും ഇതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയും റോബിനെ മര്‍ദ്ദിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്ന് മംഗളം.കോമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നവജാത ശിശുവിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കേസില്‍ 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ അറസ്റ്റിലായത്. കണ്ണൂരിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വികാരി ആയിരിക്കെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.