| Saturday, 16th February 2019, 1:21 pm

കൊട്ടിയുര്‍ പീഡനകേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിന തടവും പിഴയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന് ഇരുപത് വര്‍ഷം കഠിന തടവ്.മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി പോക്‌സോ കോടതിയാണ് ഫാദര്‍ റോബിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

മൂന്ന് കേസുകളിലായാണ് ഇരുപത് വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നടപടിക്കും നിര്‍ദ്ദേശമുണ്ട്. പിഴയില്‍ 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം.

കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഫാദര്‍ റോബിന്‍ വടക്കുംചേരി ഒരു വര്‍ഷമായി റിമാന്‍ഡിലാണ്.

Also Read  മാപ്പ് പറയില്ല; തെറ്റ് ചെയ്‌തെന്ന് അവര്‍ തെളിയിക്കട്ടെ; കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണവുമായി ലൂസി കളപ്പുരയ്ക്കല്‍

പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും രണ്ടു ദിവസത്തിനകം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇതിനിടെ കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു.സ്വന്തം താത്പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.




വൈദികനെതിരെ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നുമാണ് പെണ്‍കുട്ടിയുടെ മാതാവ് മൊഴി നല്‍കിയത്. കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ് എന്നും രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ലെന്നും അമ്മ മൊഴി നല്‍കി. പെണ്‍കുട്ടി ജനിച്ചത് 1997ലാണെന്നും എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ് എന്നും അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് പ്രൊസിക്യൂഷന് തെളിയിക്കാനായി.
DoolNews Video

We use cookies to give you the best possible experience. Learn more