കൊട്ടിയൂര്‍ പീഡനക്കേസ്: ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി
kottiyoor case
കൊട്ടിയൂര്‍ പീഡനക്കേസ്: ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st December 2021, 10:44 am

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷം തടവ് എന്നത് 10 വര്‍ഷമായി കുറച്ചു.

വടക്കുംചേരിയുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. അതേസമയം പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

കേസില്‍ 2019 ല്‍ തലശ്ശേരി പോക്‌സോ കോടതി വടക്കുംചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലായാണ് 20 വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്.

കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്.

പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്.

ഇതിനിടെ കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു.സ്വന്തം താത്പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kottiyoor Rape Case Fr Robin Vadakkumchery