കോട്ടയത് സൊമാറ്റോ ജീവനക്കാര്‍ പണിമുടക്കില്‍; സമരം പൊളിക്കാന്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ച് കമ്പനി
Kerala News
കോട്ടയത് സൊമാറ്റോ ജീവനക്കാര്‍ പണിമുടക്കില്‍; സമരം പൊളിക്കാന്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ച് കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2024, 1:30 pm

കോട്ടയം: കോട്ടയം നഗരത്തില്‍ സൊമാറ്റോ ഡെലിവറി ജീവനക്കാര്‍ പണിമുടക്കുന്നു. ഇന്ന് രാവിലെ 6 മുതല്‍ രാത്രി 12 വരെയാണ് പണിമുടക്ക്. സി.ഐ.ടി.യു പിന്തുണയിലാണ് സമരം. ഓര്‍ഡര്‍ പേ കിലോമീറ്ററിന് 6 രൂപ എന്നുള്ളത് 10 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സമരത്തിന്റെ ആവശ്യം.

ഈ ആവശ്യത്തില്‍ ഇന്നലെ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ സൊമാറ്റോ അധികൃതരുമായി നടത്തിയ ചര്‍ച്ച അലസിയ സാഹചര്യത്തിലാണ് തൊഴിലാളികള്‍ ഇന്ന് സമരത്തിലേക്ക് കടന്നത്.

ഇന്ന് നടക്കുന്നത് സൂചനാ പണിമുടക്കാണെന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ദിവസം മുഴുവന്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനായി ഉച്ചക്കും രാത്രിയിലും ഭക്ഷണം കഴിക്കാനായി സമയം അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

നിലവില്‍ 14 മണിക്കൂര്‍ ജോലി ചെയ്താലാണ് ഇന്‍സെന്റീവ് ലഭിക്കുന്നത് ഇത് 9 മണിക്കൂറായി കുറക്കണമെന്നും സമരത്തിന്റെ മുദ്രാവാക്യമാണ്. പണിമുടക്കിനെ തുടര്‍ന്ന് കോട്ടയം നഗരത്തിലെ ഭക്ഷണ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേ സമയം സമരം പൊളിക്കാനായി ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൊമാറ്റോ. ഇന്ന് മാത്രം 17 ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് 650 രൂപയാണ് കമ്പനി ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സമരം പൊളിക്കാനാണെന്ന് സമരത്തിലുള്ള തൊഴിലാളികള്‍ പറയുന്നു. പ്രത്യേക ഇന്‍സെന്റീവ് പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തിട്ടുണ്ട്.

content highlights: Kottayam Zomato employees on strike; The company announced incentives to break the strike