ഇക്കഴിഞ്ഞ ഓണത്തിന് കോട്ടയം ജില്ലയിലെ ഒരു ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാംശസകള്‍ അറിയിച്ചുകൊണ്ട് ഒരു വീഡിയോ സന്ദേശമയച്ചു. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കാലങ്ങളായി നമ്മളെല്ലാം കേള്‍ക്കുന്ന ഒരു വ്യാഖ്യാനം അടങ്ങിയതായിരുന്നു ആ സന്ദേശം. ചവിട്ടേല്‍ക്കപ്പെടുന്നവന്റെ ആഘോഷമാണ് ഓണമെന്നായിരുന്നു ആ വീഡിയോയിലെ പ്രധാന ഉള്ളടക്കം. ചെറുപ്പം മുതല്‍ നമ്മളെല്ലാവരും കേള്‍ക്കുന്ന അതേ സന്ദേശം തന്നെ. എന്നാല്‍ ഈ വീഡിയോയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ചയാണ്.
കാരണം ഈ വീഡിയോ സന്ദേശം വാമനമൂര്‍ത്തിയെ അപമാനിക്കുന്നതാണെന്നും ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സന്ദേശമയച്ച സെന്റ്.തെരേസാസ് ഹൈസ്‌കൂള്‍ പ്രധാനധ്യാപിക സി.റീത്താമക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കി. സ്ഥാപനത്തിലേക്ക് പ്രതിഷേധ ധര്‍ണയും നടന്നു. അധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ആ വീഡിയോ പ്രചരിക്കപ്പെടുകയും ചെയ്തു. വീഡിയോക്ക് താഴെ വര്‍ഗീയ വിദ്വേഷപരാമര്‍ശങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യകമന്റുകളും നിറഞ്ഞു.
ഇവിടം കൊണ്ടും അവസാനിച്ചില്ല, ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയെ തുടര്‍ന്ന് സിസ്റ്ററെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയ സമയത്ത് പരാതിക്കാരുടെ ആവശ്യപ്രകാരം അവര്‍ മാപ്പെഴുതി നല്‍കി. എന്നാല്‍ അത് പോരെന്നും മാപ്പ് ഉറക്കെ വായിച്ചുകേള്‍പ്പിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഈ മാപ്പ് വായിച്ചു. ഇതിന്റെ വീഡിയോ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയടക്കമുള്ളവര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.
ഇതോടുകൂടിയാണ് സംഭവം കൂടുതല്‍ പേര്‍ അറിയുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നതും. വൈകാതെ മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തു. സാമൂഹ്യസാംസ്‌ക്കാരിക രംഗത്തുനിന്നുള്ള നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓണത്തിന് ഇവിടുത്തെ ഹിന്ദുത്വക്കാര്‍ കൊടുക്കുന്ന വ്യാഖ്യാനങ്ങളേ പാടുള്ളു, പുതിയ വ്യാഖ്യാനങ്ങള്‍ പാടില്ല എന്നുപറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായുള്ള കടന്നുകയറ്റമാണ്. സിസ്റ്റര്‍ക്കെതിരെ പരാതി നല്‍കുന്നു. പൊലീസ് ആ പരാതി സ്വീകരിക്കുന്നു. പൊലീസ് അവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നു എന്നുള്ളതെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ എം.എന്‍ കാരശ്ശേരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മലയാളി ഓണം ആഘോഷിച്ചത് വാമനനെ ഓര്‍ത്തിട്ടല്ല. മലയാളി ഓണം ആഘോഷിച്ചത് മഹാബലിയെ ഓര്‍ത്തിട്ടാണ്. ബ്രാഹ്മണാധികാരം ചവിട്ടിത്താഴ്ത്തിയ അസുര ചക്രവര്‍ത്തിയുടെ മടങ്ങി വരവായിട്ടാണ് മഹാബലി സങ്കല്‍പം കേരളത്തില്‍ വേരൂന്നിയത്. അത് ഭാഗവതത്തില്‍ നിന്ന് പുറപ്പെട്ട മഹാബലിയല്ല. ഭാഗവതത്തില്‍ നിന്ന് പുറപ്പെട്ട വാമനനുമല്ല. മറിച്ച് കേരളത്തിലെ ജനകീയ നാടോടി പാരമ്പര്യത്തില്‍ നിന്നുണ്ടായ മഹാബലി സങ്കല്‍പമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ സുനില്‍ പി. ഇളയിടം ചൂണ്ടിക്കാണിച്ചു.
‘ആ മഹാബലി സങ്കല്‍പത്തിനു മുകളില്‍ ബ്രാഹ്മണ്യത്തിന്റെ വാമന സങ്കല്‍പത്തെ ഉറപ്പിച്ചെടുക്കാനാണ് കഴിഞ്ഞ കുറെ കാലമായി സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് വാമനനെയോ വാമനത്വത്തെയോ വിമര്‍ശിക്കുന്നതിനെ അവര്‍ നേരിടാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നത്. എന്നാല്‍ ഓണം എന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മലയാളിയുടെ ജനിതകത്തിലുള്ള കീഴാള ജീവിതത്തിന്റെയും, നന്മയുടെയുമൊക്കെ പ്രതീകം കൂടിയാണ്. അല്ലാതെ അതൊരു വാമനോത്സവമല്ല.’ സുനില്‍ പി. ഇളയിടം പറയുന്നു.
‘സത്യത്തില്‍ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സംഭവമായിട്ടാണ് എനിക്കിത് തോന്നിയത്. ചവിട്ടേല്‍ക്കപ്പെടുന്നവന്റെ ആഘോഷമായി ഓണത്തെ ചൂണ്ടിക്കാണിച്ച അവര്‍ യേശു ക്രിസ്തുവിന്റെ ക്രൂശീകരണത്തെയും ഇതിനോട് ഉപമിച്ചു. മാത്രമല്ല സമാനമായ രീതിയില്‍ ശിക്ഷയേറ്റുവാങ്ങുന്നവരുടെ കൂട്ടത്തില്‍ മഹാത്മ ഗാന്ധിയുടെ മുതല്‍ ഇറോം ശര്‍മിളയുടെ വരെ പേരുകള്‍ അവര്‍ പറയുന്നുണ്ട്.
വളരെ മതേതരത്വപരമായ രീതിയില്‍ ഓണത്തെക്കുറിച്ചുള്ള വീക്ഷണം പങ്കുവെച്ച അധ്യാപികയെ അതിന്റെ പേരില്‍ ഇവിടെയാരുടെയൊക്കെയോ മതവികാരം വ്രണപ്പെടുത്തുന്നു എന്നുപറഞ്ഞുകൊണ്ട് ഹിന്ദുമുന്നണി മുന്നോട്ടുവരുമ്പോള്‍ ഹിന്ദുക്കളുടെയും ഹിന്ദുദൈവങ്ങളെയും കോപ്പിറൈറ്റ് ഇവര്‍ ഏറ്റെടുത്ത പോലെയാണ്. എന്നുമാത്രമല്ല ഓണമെന്നുള്ള നമ്മുടെ ദേശീയോത്സവത്തിന്റെ കോപ്പിറൈറ്റ് ഇവര്‍ക്കാരോ നല്‍കിയ പോലെയാണ് പെരുമാറുന്നത്.’ രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു സംഭവത്തില്‍ പ്രതികരിച്ചു.
സംഭവത്തില്‍ പൊലീസിനെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ പൊലീസ് സിസ്റ്ററിനോട് മാപ്പെഴുതി വാങ്ങിക്കുകയോ വീഡിയോയില്‍ സംസാരിക്കാന്‍ പറയുകയോ ചെയ്തിട്ടില്ലെന്നാണ് സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം. മാപ്പെഴുതി കൊടുക്കാനും അതിനുശേഷം അത് വീഡിയോയില്‍ വായിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപികയോട് ആവശ്യപ്പെട്ടപ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണോ കേരള പൊലീസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് പൊലീസിന്റെ ഈ വാദത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
‘ആ പരാതിയും അന്യായമാണ്. പൊലീസ് വിളിച്ചുവരുത്തിയതും അന്യായമാണ്. എന്നിട്ട് അവിടെവെച്ച് സമ്മര്‍ദം ഉപയോഗിച്ച് മാപ്പെഴുതിക്കുക, ആ മാപ്പ് അവര്‍ വായിക്കുക. ഒരു സ്ത്രീയെ അപമാനിക്കുക, ഒരു അധ്യാപികയെ അപമാനിക്കുക, ഒരു കന്യാസ്ത്രീയെ അപമാനിക്കുക, ഇന്ത്യന്‍ പൗരയായ ഒരാളെ അപമാനിക്കുക. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇതൊക്കെ നടക്കുന്നതെന്ന് ശ്രദ്ധിക്കണം.’ എം.എന്‍ കാരശ്ശേരി പറയുന്നു.
‘പൊലീസിന്റെ പണിയെന്താണ് എന്നുള്ളത് അവര്‍ സ്വയം അന്വേഷിക്കേണ്ടതാണ്. ഇങ്ങനെയൊരു പരാതി കിട്ടിക്കഴിയുമ്പോള്‍ ഇവിടെ മതസ്പര്‍ധയുണ്ടാക്കാതെ അവ കീറിക്കളയൂ എന്ന് ആവശ്യപ്പെടുകയല്ലേ പൊലീസ് ചെയ്യേണ്ടത്. അതിനുപകരം കന്യാസ്ത്രീ കൂടിയായ ആ അധ്യാപികയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചു. മാപ്പ് പറയുന്നതിന്റെ വീഡിയോ എടുക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. ആ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പൊലീസ് സ്റ്റേഷന്‍ വേദിയാകുക എന്നുപറഞ്ഞാല്‍ ആ എസ്.എച്ച്.ഒ പിന്നീട് എങ്ങനെയാണ് തുടര്‍ന്ന് ജോലി ചെയ്യുകയെന്ന് മനസ്സിലാകുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളമാണ് ഇതെന്നും നമ്മള്‍ മറന്നുപോകരുത്.’ രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യു പറഞ്ഞു.
സംഭവത്തില്‍ സഭയുടെ നിലപാടിനെതിരെയും കടുത്ത വിമര്‍ശനമാണുയരുന്നത്. ‘ഈ കന്യാസ്ത്രീയുടെ രക്ഷകര്‍ത്തൃത്വം സഭ ഏറ്റെടുത്തിരിക്കുകയാണ്. അവര്‍ കാര്‍ വാങ്ങണോ എത്ര രൂപ ശമ്പളം എവിടെ ചെലവഴിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്ന സഭാനേതൃത്വം ഈ വിഷയത്തില്‍ ഒരു അക്ഷരം പ്രതികരിക്കുന്നില്ല. കന്യാസ്ത്രീയുടെ സ്ഥാനത്ത് ഒരു പുരോഹിതനായിരുന്നു ഈയൊരു നടപടിക്ക് വിധേയനായതെങ്കില്‍ സഭയുടെ പ്രതികരണം അല്‍പം കൂടി വ്യത്യസ്തമായിരുന്നേനെ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.’ ജോസഫ് സി. മാത്യു ചൂണ്ടിക്കാണിക്കുന്നു.
ഓണത്തെ വാമനജയന്തിയായിട്ടാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പൊതുവെ ആഘോഷിക്കാറുള്ളത്. സംഘപരിവാര്‍ സംഘടനകളെല്ലാം തന്നെ ഓണാശംസകളോടൊപ്പം വാമനജയന്തി ആശംസകളുടെ പോസ്റ്ററുകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റ് ചെയ്യാറുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നേരത്തെ ഓണം സംബന്ധിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വിശദീകരണവും വിവാദമായിരുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനന്‍. മഹാബലി പോലും വാമനനെ ആരാധിക്കുന്നു. വാമനജയന്തിയാണ് ഓണമെന്നും ശശികല ടീച്ചര്‍ പറഞ്ഞിരുന്നു.
ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഓണത്തിനോടനുബന്ധിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന അസഹിഷ്ണുതാപരമായ നടപടികള്‍ക്കെതിരെ പ്രതിഷേധം ഒരിക്കല്‍ കൂടി ശക്തമാവുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Hightlight: Kottayam teacher Sr.Reethama forced to apologize by Sangh Parivar groups for her Onam wishes – Controversy