Entertainment
ഓപ്പറേഷന്‍ കഴിഞ്ഞ് നമുക്ക് മൂകാംബികക്ക് പോണം എന്നായിരുന്നു സച്ചി അവസാനമായി എന്നോട് പറഞ്ഞത്: കോട്ടയം രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 10, 03:11 pm
Monday, 10th February 2025, 8:41 pm

മിനിസ്‌ക്രീനിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് കോട്ടയം രമേശ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത കോട്ടയം രമേശിന് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ കരിയറില്‍ ബ്രേക്ക് ലഭിച്ചു. ചിത്രത്തിലെ കുമാരന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലെ ഒരുപിടി മികച്ച വേഷങ്ങള്‍ രമേശിനെ തേടിയെത്തി.

സച്ചിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് കോട്ടയം രമേശ്. കൊവിഡിന്റെ സമയത്തായിരുന്നു സച്ചിയുടെ ഓപ്പറേഷനെന്നും താന്‍ ആ സമയത്ത് സച്ചിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും രമേശ് പറഞ്ഞു. ആ സമയത്തെല്ലാം അദ്ദേഹം നല്ല ആരോഗ്യത്തോടെയായിരുന്നെന്നും തന്നോട് നല്ല രീതിയിലാണ് സംസാരിച്ചതെന്നും കോട്ടയം രമേശ് കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ച വിശ്രമം വേണമെന്നും അത് കഴിഞ്ഞാല്‍ ഒരു യാത്രയെപ്പറ്റി അദ്ദേഹം തന്നോട് സൂചിപ്പിച്ചെന്നും കോട്ടയം രമേശ് പറഞ്ഞു. മൂകാംബികയില്‍ രണ്ടാഴ്ച പോയി നില്‍ക്കാമെന്നും പുതിയ ഒരു പ്രൊജക്ട് അവിടെവെച്ച് ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് മറ്റൊരു പരിപാടിയും ഏല്‍ക്കരുതെന്ന് സച്ചി തന്നോട് ആവശ്യപ്പെട്ടെന്നും കോട്ടയം രമേശ് പറഞ്ഞു.

 

സച്ചി എല്ലായ്‌പ്പോഴും മൂകാംബികയിലിരുന്നാണ് കഥകള്‍ എഴുതാറുള്ളതെന്നും അദ്ദേഹത്തിന്റെ കൂടെ പോകാന്‍ താന്‍ തയാറെടുത്തെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന് ശേഷം ആറ് മണിക്കൂര്‍ കഴിഞ്ഞ് എന്തോ പ്രശ്‌നം വന്നെന്നും അത് അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും കോട്ടയം രമേശ് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കോട്ടയം രമേശ് ഇക്കാര്യം പറഞ്ഞത്.

‘സച്ചിയുമായി വളരെ നല്ല ബന്ധമായിരുന്നു. കൊവിഡിന്റെ സമയത്തായിരുന്നു സച്ചിയുടെ ഓപ്പറേഷന്‍. ആശുപത്രിയില്‍ പോയി കാണാനുള്ള അവസ്ഥയായിരുന്നില്ല അപ്പോള്‍. ഓപ്പറേഷന്റെ തലേന്ന് ഞാന്‍ സച്ചിയെ വിളിച്ചു. യാതൊരു ടെന്‍ഷനും അപ്പോള്‍ സച്ചിക്ക് ഉണ്ടായിരുന്നില്ല. ‘നാളെയാണ് ഓപ്പറേഷന്‍. ആ സമയത്ത് എന്റെ കൈയില്‍ ഫോണുണ്ടാവില്ല. ഇത് കഴിഞ്ഞ് ചെറിയൊരു വിശ്രമം വേണമെന്ന് പറയുന്നു. അത് കഴിഞ്ഞ് നമുക്ക് മൂകാംബിക്ക് ഒരു യാത്ര പോകണം. ഒരു പുതിയ ഐഡിയയുണ്ട്’ എന്ന് സച്ചി പറഞ്ഞു.

 

എഴുതാന്‍ വേണ്ടി സച്ചി എപ്പോഴും പോകുന്നത് മൂകാംബികക്കായിരുന്നു. വേറൊരു പരിപാടിയും ഏല്‍ക്കാതെ സച്ചിയുടെ കൂടെ പോകാന്‍ തയാറായി. അടുത്ത ദിവസം ഓപ്പറേഷന്‍ കഴിഞ്ഞു. അത് സക്‌സസായി. പക്ഷേ, ആറ് മണിക്കൂര്‍ കഴിഞ്ഞ് എന്തോ ഒരു പ്രശ്‌നം വന്നു. അത് സച്ചിയുടെ ജീവനെടുത്തു. ആശുപത്രിയിലേക്ക് വിളിച്ചുചോദിച്ചാണ് ഞാനത് ഉറപ്പിച്ചത്. വല്ലാത്തൊരു ഷോക്കായിരുന്നു എനിക്ക്,’ കോട്ടയം രമേശ് പറയുന്നു.

Content Highlight: Kottayam Ramesh shares the memories of director Sachy