| Saturday, 19th March 2022, 3:45 pm

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക, സിംഹത്തിനെ പോലെയാണ്; എന്നാല്‍ മോഹന്‍ലാലിന്റെ രീതി വ്യത്യസ്തമാണ്: കോട്ടയം രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് കോട്ടയം രമേശ്. ഉപ്പും മുളകില്‍ മാധവന്‍ തമ്പി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് രമേശിന്റെ കരിയറില്‍ ഒരു ബ്രേക്കാവുന്നത്. പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമാവാന്‍ താരത്തിനായിട്ടുണ്ട്.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പര്‍വ്വമെന്ന ചിത്രത്തിലും രമേശ് ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ അക്കൗണ്ടന്റ് മണിയായാണ് രമേശ് ഭീഷ്മ പര്‍വ്വത്തില്‍ എത്തിയത്.

മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം മുന്നേറുന്നത്. ഭീഷ്മയുടെ പ്രൊമോഷന്റെ ഭാഗമായി കോട്ടയം രമേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.  മൂവി സ്റ്റോറി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്

മമ്മൂട്ടിയുടെ കൂടെ തന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വമെന്നും അദ്ദേഹം തന്നെയാവും തനിക്ക് വേഷങ്ങള്‍ വാങ്ങിതരുന്നത് എന്നുമാണ് താരം പറയുന്നത്.

‘ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക. ഇന്ത്യന്‍ സിനിമ എന്നല്ല ഒരുപക്ഷെ ഹോളിവുഡില്‍ വല്ലതുമായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് വലിയൊരു നടനായി അദ്ദേഹം മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം തന്നെയായിരിക്കും എനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും,’ രമേശ് പറയുന്നു.

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കുന്നത് രണ്ടും വ്യത്യസ്ത അനുഭവങ്ങളാണെന്നാണ് രമേശ് പറയുന്നത്.

‘മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സിംഹം സ്‌നേഹിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും അതുപോലെയാണ്. മോഹന്‍ലാല്‍ അങ്ങനെയല്ല, നമ്മളെ എപ്പോഴും കൂടെ കൊണ്ടുപോകാനായിട്ട് ശ്രമിക്കുന്നൊരാള്‍ അങ്ങനെയാണ്. നമ്മള്‍ തെറ്റിച്ചാലും ഒരു ബുദ്ധമുട്ടുമില്ലാതെ വീണ്ടും ടേക്ക് എടുക്കാമെന്ന് പറയും. എന്നെ സാറെ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ഞാന്‍ അവസാനം അങ്ങനെ വിളിക്കരുതെന്ന് പറയുകയായിരുന്നു. മമ്മൂക്ക ഇടക്ക് നമ്മളോട് ചൂടാവും, പക്ഷെ നമുക്ക് അറിയാം അത് വെറുതെയാണ്, എനിക്കറിയാം അദ്ദേഹത്തിന്റെ മനസ്,’ താരം പറയുന്നു.

ഡേറ്റില്ലാത്തതുകൊണ്ട് പല സിനിമകളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും രമേശ് പറയുന്നു.

‘സച്ചി സാറിന്റെ അയ്യപ്പനും കോശിക്കും ശേഷം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഡേറ്റില്ലാത്തതിന്റെ പേരില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിക്കേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടി സാറിന്റെ തന്നെ നന്‍പകല്‍ നേരത്ത് മയക്കം, ജയസൂര്യയുടെ ജോണ്‍ ലൂഥര്‍, പൃഥ്വിരാജിന്റെ ആടുജീവിതം, ഇതൊക്കെ നഷ്ടപ്പെട്ട സിനിമകളാണ്. നഷ്ടങ്ങളും സംഭവിക്കുമല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐ 5, പുഴു തുടങ്ങിയ ചിത്രങ്ങളാണ് കോട്ടയം രമേശിന്റേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.


Content Highlights: Kottayam Ramesh says about Mohanlal and Mammootty

We use cookies to give you the best possible experience. Learn more