നാടകത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് കോട്ടയം രമേശ്. സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഫ്‌ളവേഴ്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകുമെന്ന പരിപാടിയിലൂടെയാണ് കോട്ടയം രമേശ് ശ്രദ്ധിക്കപ്പെടുന്നത്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിതിരിവാകുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിക്കാന്‍ താരത്തിനായിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കിയ ഭീഷ്മ പര്‍വ്വത്തിലും കോട്ടയം രമേശ് വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ സമയത്ത് മൂവി സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിന് അദ്ദേഹം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തനിക്ക് സിനിമകളില്‍ അവസരം ലഭിക്കാന്‍ മമ്മൂട്ടി സഹായിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.
‘അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം അറിയാതെ എന്തായാലും ഞാനതില്‍ ചെന്നുപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൂര്‍ണ വിശ്വാസം അദ്ദേഹത്തിന്റെ റെക്കമെന്റേഷനിലൂടെയാണ് എനിക്ക് മൂന്ന് സിനിമകളിലും അവസരം ലഭിച്ചതെന്നാണ്. അദ്ദേഹം തന്നെയായിരിക്കും എനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും,’ രമേശ് പറയുന്നു.
ഒമ്പത് വയസുള്ളപ്പോള്‍ മുതല്‍ സിനിമ കാണാന്‍ തുടങ്ങിയതാണ്. അയക്കുന്നത്ത് സന്തോഷ് ടാക്കീസ് എന്നൊരു തിയേറ്ററുണ്ടായിരുന്നു. അവിടെയെല്ലാം ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങളായിരുന്നു. സിനിമ റിലീസ് ചെയ്ത് കുറേ കഴിഞ്ഞാണ് അവിടെയെത്തൂവെന്നും അദ്ദേഹം പറയുന്നു.
Content Highlights: Kottayam Ramesh says about Mammootty