| Wednesday, 20th December 2023, 8:45 pm

കാല് പിടിച്ചപ്പോള്‍ ഇന്ന് ചെയ്തതിരിക്കട്ടെ മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് നസീര്‍ സാര്‍ പറഞ്ഞു: കോട്ടയം പദ്മന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രേം നസീര്‍. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ പ്രേം നസീറുമായി ഒരു സിനിമയില്‍ അഭിനയിച്ചപ്പോളുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ കോട്ടയം പദ്മന്‍.

‘ഞാന്‍ എന്റെ ഇരുപത്തിമൂന്നാമത്തെ വയസിലാണ് മലയാള സിനിമയിലെ നിത്യഹരിത നായകനെ എന്റെ കണ്മുന്നില്‍ കാണുന്നത്. സത്യത്തില്‍ ആ സിനിമയില്‍ ഞാന്‍ സിനിമയുടെ കണക്ക് എഴുതാന്‍ ചെന്ന ആളാണ്. അഭിനയിക്കാന്‍ വേണ്ടി പോയ ആളായിരുന്നില്ല ഞാന്‍.

സിനിമയുടെ നിര്‍മാതാവിന്റെ മകന് വേണ്ടി ഒരു വേഷം മാറ്റിവെച്ചിരുന്നു. അത് ചില പ്രത്യേക സാഹചര്യം കൊണ്ട് പുള്ളിക്ക് ചെയ്യാന്‍ പറ്റാതെയായി. അങ്ങനെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത്. ഞാന്‍ അന്ന് നാടകങ്ങളിലൊക്കെ അഭിനയിക്കുന്ന സമയമായിരുന്നു.

നസീര്‍ സാര്‍ ആ സിനിമയില്‍ ഒരു കോളേജ് അധ്യാപകനാണ്. നസീര്‍ സാറിന്റെ അനിയനായി അഭിനയിക്കുന്നത് ടി.ജി രവി ചേട്ടനാണ്. രവി ചേട്ടന്‍ നാട്ടിലെ എം.എല്‍.എ ആണ്. എം.എല്‍.എയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ നേതാവായിട്ടാണ് ഞാന്‍.

കോളേജില്‍ ഒരു സമരവുമായി ബന്ധപെട്ട് ഞങ്ങളെ ഉപദേശിക്കുന്ന സീനിലാണ് നസീര്‍ സാറുമായി ഞാന്‍ ആദ്യം അഭിനയിക്കുന്നത്. സിനിമയില്‍ പ്രൊഫസര്‍ രാജന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.

‘ഇയാള്‍ ഒരു മൂരാച്ചിയാണ്’ എന്നുള്ളതാണ് എന്റെ ആദ്യ ഡയലോഗ്. ആ മുഖത്ത് നോക്കി ഞാന്‍ അത് എങ്ങനെ പറയാനാണ്. എന്നെ വലിയ സങ്കടത്തിലാക്കിയ സാഹചര്യമായിരുന്നു അത്. ടേക്ക് ആകുന്നതിന് മുമ്പ് ഞാന്‍ ചെന്ന് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചു.

ഞാനാണ് ഇന്ന കഥാപാത്രം ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. ചിരിച്ചു കൊണ്ട് ‘ആഹ്’ എന്ന് മൂളിയ ശേഷം ഇന്ന് ചെയ്തതിരിക്കട്ടെ ഇനി മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു.

ആരുടേയും കാല് പിടിച്ച് സിനിമയില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും കാല്‍ പിടിച്ചാല്‍ ഒരു സിനിമയിലൊക്കെ അഭിനയിക്കാന്‍ പറ്റിയേക്കാം, അനിയനെ മലയാള സിനിമക്ക് ആവശ്യമുണ്ടെങ്കില്‍ സിനിമ വിളിക്കും എന്നദ്ദേഹം പറഞ്ഞു.

ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ പറ്റുള്ളൂ എന്നും അന്ന് പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഇങ്ങനെ സാഹചര്യം കാരണം അഭിനയിക്കാന്‍ വന്ന ആളാണെന്ന് നസീര്‍ സാറിന് അറിയില്ലായിരുന്നു,’ കോട്ടയം പദ്മന്‍ പറഞ്ഞു.


Content Highlight: Kottayam Padman Talks About Prem Nazir

We use cookies to give you the best possible experience. Learn more