| Wednesday, 20th December 2023, 9:55 pm

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം; റേഷന്‍ കടക്കാരന്‍ വക്കീലാകുന്ന സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു: കോട്ടയം പദ്മന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി വക്കീലിന്റെ വേഷത്തിലെത്തിയ ഒരു സിനിമയില്‍ ജൂനിയറായിട്ട് അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കോട്ടയം പദ്മന്‍. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന സിനിമയെ പറ്റി താരം സംസാരിച്ചത്.

‘മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്നായിരുന്നു ആ സിനിമയുടെ പേര്. അതിന്റെ നിര്‍മാതാക്കളില്‍ ഒരാളെ എനിക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സിനിമയുടെ ലൊക്കേഷനില്‍ എത്തിപെടുന്നത്.

അതില്‍ മമ്മൂക്ക ഒരു വക്കീലിന്റെ വേഷത്തിലായിരുന്നു. മമ്മൂക്കയുടെ ജൂനിയറായിട്ടാണ് എനിക്ക് അഭിനയിക്കേണ്ടിയിരുന്നത്. എനിക്ക് തരാന്‍ യൂണിഫോം അവരുടെ കയ്യില്‍ ഇല്ലാത്തത് കാരണം ഞാന്‍ എന്റെ വീടിന് അടുത്തുള്ള ഒരാളുടെ വക്കീല്‍ യൂണിഫോം വാങ്ങിയിരുന്നു.

കോട്ടയത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഞാന്‍ ആദ്യ ദിവസം ഷൂട്ടിങ്ങിന് പോയി, ഉച്ചവരെ വളരെ നന്നായി ഷൂട്ടിങ്ങൊക്കെ നടന്നു. മമ്മൂക്കയെ അസിസ്റ്റ് ചെയ്യുന്ന ആള്‍ എന്ന നിലയില്‍ ചില കടലാസുകളൊക്ക എടുത്ത് കൊടുക്കുന്ന സീനായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അല്ലാതെ ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല.

ഇതില്‍ സീനിലെ അറ്റ്‌മോസ്ഫിയര്‍ ഫില്ല് ചെയ്യാനായുള്ള ആളുകള്‍ കോട്ടയം ബാറിലെ വക്കീലന്മാര്‍ ആയിരുന്നു. അപ്പോള്‍ ഞാനാണ് മമ്മൂക്കയുടെ ജൂനിയറായിട്ട് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ പണി മുടക്കി. കാര്യം ആ സീനില്‍ ഞാന്‍ ഒഴികെ ബാക്കി എല്ലാവരും വക്കീലന്മാരായിരുന്നു. മമ്മൂക്ക പ്രൊഫഷണലി ഒരു വക്കീലാണല്ലോ. ബാക്കിയുള്ളവരും വക്കീലന്മാരാണ്. അവര്‍ക്കാര്‍ക്കും മമ്മൂക്കയുടെ അസിസ്റ്റന്റ് ആയിട്ട് അഭിനയിക്കാന്‍ കഴിഞ്ഞതുമില്ല.

അന്ന് അസോസിയേറ്റ് എന്റെ അടുത്ത് വന്ന് ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. ആ വക്കീലന്മാരെ സംബന്ധിച്ച്, എന്റെ അച്ഛന്‍ നടത്തി കൊണ്ട് പോകുന്ന ഒരു റേഷന്‍ കടയുണ്ടായിരുന്നു. ഞാന്‍ ഇടക്ക് അവിടെ അസിസ്റ്റന്റായിട്ട് ഇരിക്കാറുണ്ട്. ഈ വക്കീലന്മാര്‍ അവിടെ വരാറുണ്ട്. അങ്ങനെ റേഷന്‍ കടക്കാരന്‍ വക്കീലായി അഭിനയിക്കുന്ന സീനില്‍ ഞങ്ങള്‍ ഇരിക്കാന്‍ തയ്യാറല്ലെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അതില്‍ കുഴപ്പമില്ലെന്നും ഞാന്‍ കാരണം ഷൂട്ടിങ് മുടങ്ങണ്ടെന്നും പറഞ്ഞു. ആദ്യം കുറച്ച് വേദന തോന്നി, പിന്നെയത് മാറി,’ കോട്ടയം പദ്മന്‍ പറഞ്ഞു.


Content Highlight: Kottayam Padman Talks About Mammootty’s Movie

We use cookies to give you the best possible experience. Learn more