മമ്മൂട്ടിയോടൊപ്പം സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കോട്ടയം പദ്മന്‍. ബ്ലെസിയുടെ കാഴ്ച്ച, പളുങ്ക് എന്നീ സിനിമകളിലും രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന സിനിമയിലും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നാണ് താരം പറയുന്നത്.
കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന സിനിമ കണ്ട് എല്ലാവരും നല്ല അഭിപ്രായങ്ങളായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാല്‍ ആ സമയത്താണ് തനിക്ക് അസുഖം വന്ന് ആശുപത്രിയിലാകുന്നതെന്നും പദ്മന്‍ പറഞ്ഞു.
ഇതിനിടയില്‍ രണ്ട് മലയാള സിനിമകളും ഒരു തമിഴ് സിനിമയും തനിക്ക് നഷ്ടമായെന്നും അപ്പോഴാണ് മുമ്പ് പ്രേം നസീര്‍ പറഞ്ഞ ഒരു കാര്യം തനിക്ക് ഓര്‍മ വന്നതെന്നും കോട്ടയം പദ്മന്‍ കൂട്ടിചേര്‍ത്തു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ബ്ലെസിയുടെ ‘കാഴ്ച്ച’ സിനിമയില്‍ കോബിനേഷന്‍ സീന്‍ ഇല്ലെങ്കില്‍ പോലും ലൊക്കേഷനില്‍ മമ്മൂക്കയെ പരിചയപെടാനും അടുത്ത് ഇടപെടാനും സാധിച്ചിരുന്നു. പിന്നെ ബ്ലെസിയുടെ തന്നെ ‘പളുങ്ക്’ സിനിമയിലും എനിക്ക് അവസരം ലഭിച്ചു. അതില്‍ മമ്മൂക്കയുമായി കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു.
പിന്നീട് രഞ്ജിത്ത് ചേട്ടന്റെ സിനിമയായ ‘കടല്‍ കടന്നൊരു മാത്തുകുട്ടി’യിലും മമ്മൂക്കയുടെ കൂടെ അവസരം ലഭിച്ചു. അതില്‍ രണ്ടോ മൂന്നോ സീനുകള്‍ ഉണ്ടായിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞത് എന്റെ വര തെളിഞ്ഞെന്നാണ്. ആ പടം നന്നായി വന്നിരുന്നു.
പക്ഷേ ആ സമയത്താണ് വെരിക്കോസ് അള്‍സര്‍ ബാധിച്ച് ഞാന്‍ ഹോസ്പിറ്റലില്‍ ആകുന്നത്. സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ എനിക്ക് ഈ പ്രശ്‌നം ഉണ്ടായിരുന്നു. അതൊക്കെ സഹിച്ചായിരുന്നു ഞാന്‍ ആ സിനിമ ചെയ്തത്.
ഞാന്‍ നാട്ടില്‍ വന്ന് ആ സിനിമ കണ്ടതിന്റെ രണ്ടാം ദിവസത്തിലാണ് ഹോസ്പിറ്റലില്‍ ആകുന്നത്. ആ സമയത്ത് രണ്ട് മലയാള സിനിമകളും ഒരു തമിഴ് സിനിമയും അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. അത് ചെയ്യാന്‍ കഴിഞ്ഞില്ല.
അപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോട് പ്രേം നസീര്‍ സാര്‍ പറഞ്ഞ കാര്യം എനിക്ക് ഓര്‍മ വരുന്നത്. ‘അനിയനെ മലയാള സിനിമക്ക് ആവശ്യമുണ്ടെങ്കില്‍ സിനിമ വിളിക്കും, പിന്നെ ഭാഗ്യം ഉണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ പറ്റുള്ളൂ’ എന്നായിരുന്നു മുമ്പ് അദ്ദേഹം എന്നോട് പറഞ്ഞത്,’ കോട്ടയം പദ്മന്‍ പറഞ്ഞു.
Content Highlight: Kottayam Padman Talks About Luck In Movies