ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന കലാകാരന്‍മാരില്‍ ഒരാളാണ് കോട്ടയം നസീര്‍. എന്നാല്‍ ഇനി മുതല്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോട്ടയം നസീര്‍. ഉമ്മന്‍ ചാണ്ടിയെ അനുസമരിച്ച് കൊണ്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കെ.കരുണാകരന്‍ മരണപ്പെട്ട സമയത്തും കരുണാകരന്റെ ശബ്ദം അനുകരിക്കുന്നത് കോട്ടയം നസീര്‍ അവസാനിപ്പിച്ചിരുന്നു.
‘ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് എനിക്ക് വളരെയേറെ വേദനയുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തെ പോലെരു ജനകീയ നേതാവിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായേ നമുക്ക് കിട്ടാറുള്ളൂ. രാഷ്ട്രീയ എതിരാളികളോട് പോലും സൗമ്യമായി സംസാരിക്കുന്ന അദ്ദേഹത്തെ പോലൊരു നേതാവിനെ കണ്ടുകിട്ടാന്‍ തന്നെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ അനുകരിക്കുന്ന ഒരു കലാകരനെന്ന നിലയില്‍ എന്നോടൊക്കെ കാണിക്കുന്ന സ്‌നേഹവും എനിക്ക് തന്നിട്ടുള്ള അംഗീകാരവുമൊക്കെ വളരെ വിലപ്പെട്ടതാണ്.
ഒരു ചാനല്‍ ഷോയില്‍ അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞത്, അദ്ദേഹത്തെ അനുകരിക്കുന്നവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട കലാകാരന്‍ ഞാനായിരുന്നു എന്നാണ്. അനുകരണവും അനുകരണത്തിലെ വിമര്‍ശനവുമെല്ലാം പോസിറ്റീവായ രീതിയിലായിരുന്നു അദ്ദേഹം എടുത്തിരുന്നത്. എന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഇവിടെ വരികയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കൂടെപ്പിറപ്പിനെ പോലെയായിരുന്നു എനിക്കദ്ദേഹം.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു കാലത്ത് കറുകച്ചാലില്‍ ഒരു പ്രോഗ്രാമില്‍ അദ്ദേഹം വരാന്‍ വൈകിയപ്പോള്‍ എന്നോട് എന്തെങ്കിലും മിമിക്രി കാണിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ അനുകരിച്ച് കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം വേദിയിലേക്ക് കയറിവന്നത്. പെട്ടെന്ന് ഞാന്‍ അനുകരണം നിര്‍ത്തി. എന്നെയും അദ്ദേഹത്തെയും ഒരുമിച്ച് കണ്ടപ്പോള്‍ നാട്ടുകാരൊക്കെ ഭയങ്കര ചിരിയും കൈയടിയും തുടങ്ങി. അദ്ദേഹം സ്‌റ്റേജിലേക്ക് വന്ന് തോളില്‍ തട്ടി ഞാന്‍ വരാന്‍ വൈകിയപ്പോള്‍ എന്റെ ഗ്യാപ്പ് നികത്തിയല്ലേ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ അനുകരിക്കുന്നതില്‍ ഒരിക്കലും അ്ദദേഹം വിഷമം കാണിച്ചിരുന്നില്ല.
ഇനി അദ്ദേഹത്തെ ഞാന്‍ അനുകരിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയില്ല. അദ്ദേഹത്തെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിക്കുകയാണ്. നേരത്തെ കെ.കരുണാകരന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്നതും ഞാന്‍ അവസനാപ്പിച്ചിരുന്നു. അതു പോലെ ഇനി ഉമ്മന്‍ചാണ്ടിയെ ഞാന്‍ വേദിയില്‍ അനുകരിക്കില്ല,’ കോട്ടയം നസീര്‍ പറഞ്ഞു.
content highlights; Kottayam Nazir stopped imitating Oommen Chandy’s voice