മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് കോട്ടയം നസീര്‍. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലെ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ് എന്ന് പറയാവുന്ന പെര്‍ഫോമന്‍സുകളിലൊന്ന്. അത്രയും കാലം കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കോട്ടയം നസീറിന് നല്ല ക്യാരക്ടര്‍ റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടത് റോഷാക്കിലൂടെയായിരുന്നു. റോഷാക്കിലെ അഭിനയിത്തിന് സിനിമയുടെ നിര്‍മാതാവ് കൂടിയായിരുന്ന മമ്മൂട്ടിയില്‍ നിന്നും ലഭിച്ച നല്ല വാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് കോട്ടയം നസീര്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കോട്ടയം നസീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എനിക്കിപ്പോഴും അത്ഭുതമാണ് നിസാം ബഷീര്‍ എന്ന സംവിധായകന്‍ എങ്ങനെയാണ് അങ്ങനെയൊരു റോളിലേക്ക് എന്നെ വിളിച്ചത് എന്ന്. ഞാന്‍ എത്രയോ തവണ അദ്ദേഹത്തോട് ഇത് ചോദിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ തോന്നി ഇക്കാ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു തോന്നല്‍ ഉണ്ടാവുകയാണ് ആദ്യം വേണ്ടത്.
നമ്മളെ സ്ഥിരമായി സിനിമയില്‍ കാണുന്ന ഒരു മുഖമുണ്ടാകും. ആ മുഖത്തില്‍ നിന്നും ഒരു കഥാപാത്രത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരെങ്കിലും നടത്തുമ്പോഴാണ് നമുക്കും അത് തെളിയിക്കാനുള്ള അവസരം കിട്ടുന്നത്. അത് പക്ഷെ ഉണ്ടാവാന്‍ സാധ്യത കുറവാണ്. ആരെങ്കിലും അത് തെളിയിക്കപ്പെടുമ്പോഴാണ് പിന്നെ അതിന്റെ ചുവട് പിടിച്ച് കഥാപാത്രങ്ങള്‍ വരുന്നത്. അങ്ങനെയാണ് എല്ലാവരുടെയും കാര്യം.
ഷാജോണിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഷാജോണ്‍ എത്രയോ സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ദൃശ്യത്തിലൂടെയാണ് അദ്ദേഹത്തിന്റെ കരിയറില്‍ ഒരു മാറ്റമുണ്ടാകുന്നത്. സുരാജിന്റെയും കാര്യം അങ്ങനെ തന്നെയാണ്. സുരാജ് ഒരുപാട് കോമഡി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആക്ഷന്‍ ഹീറോ ബിജുവിലെ ഒറ്റ സീനിലൂടെയാണ് അദ്ദേഹം ക്യാരക്ടര്‍ റോളുകളിലേക്ക് വരുന്നത്.
ഞാന്‍ ആഗ്രഹിച്ചിരുന്നതും അത്തരം ഒരു മാറ്റമായിരുന്നു. കാരണം, നമ്മള്‍ ഒരുപാട് കാലമായി ചാനലുകളിലും സ്റ്റേജിലുമൊക്കെ തമാശ പറയുന്ന ആളാണ്. സ്‌കിറ്റുകളേക്കാള്‍ ഉപരി ഞാന്‍ ചെയ്തിരുന്നത് അനുകരണങ്ങളായിരുന്നു. അതില്‍ എന്റേതായ തമാശകളും ചേര്‍ക്കും. അതു കൊണ്ടായിരിക്കാം ഒരു സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ തമാശ എന്ന് തരത്തിലേക്ക് ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റു പറയാന്‍ പറ്റില്ല. ഒരു വിശ്വാസക്കുറവ് ഉണ്ടാകാം.
റോഷാക്കിലെ വേഷം എന്നെകൊണ്ട് ചെയ്യിക്കാമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ എന്നോട് ഓപ്പണായി പറഞ്ഞിട്ടുണ്ട്. ഇത് നിസാമിന്റെ മാത്രം തീരുമാനമായിരുന്നു, എനിക്കും സംശയമുണ്ടായിരുന്നു നസീര്‍ ഇത് ചെയ്താല്‍ നന്നാകുമോ എന്ന്, പക്ഷെ അത് നീ നന്നായി ചെയ്തു, എന്നാണ് മമ്മൂക്ക പറഞ്ഞു.
റോഷാക്കിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക എന്റടുത്ത് വന്ന് ചോദിച്ചു, ഈ സിനിമയില്‍ നിന്റെ കഥാപാത്രമല്ലാതെ വേറേത് കഥാപാത്രമാണ് നിനക്ക് ചെയ്യാന്‍ കിട്ടിയാല്‍ കൊള്ളാമെന്നുള്ളത് എന്ന്. ഞാന്‍ പറഞ്ഞത് എല്ലാ കഥാപാത്രങ്ങലും നല്ലതാണ്, എനിക്ക് ലൂക്കിന്റെ കഥാപാത്രം കിട്ടിയാലും ഞാന്‍ ചെയ്യുമെന്ന് പറഞ്ഞു. ഈ ചോദ്യം മമ്മൂക്കയോട് തിരിച്ച് ചോദിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ലൂക്ക് അല്ലെങ്കില്‍ പിന്നെ എനിക്ക് നിന്റെ കഥാപാത്രം ചെയ്യാനാണ് ഇഷ്ടമെന്നാണ്. അതൊരു വലിയ അംഗീകാരമായിരുന്നു’, നസീര്‍ പറഞ്ഞു.
content highlights: Kottayam Nazir on the compliment received from Mammootty