| Sunday, 8th October 2023, 11:53 am

കൂടെയുള്ളവര്‍ക്ക് സിനിമയില്‍ വലിയ അവസരങ്ങള്‍ കിട്ടിയിട്ടും നിങ്ങള്‍ മാത്രമെന്താണ് ഇങ്ങനെയായതെന്ന ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട്: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇത്രയും കൊല്ലം കാത്തിരുന്നിട്ട് ഇപ്പോഴാണ് സിനിമകള്‍ തുടര്‍ച്ചയായി കിട്ടി തുടങ്ങുന്നതെന്ന് കോട്ടയം നസീര്‍. കൂടെയുള്ളവര്‍ക്കൊക്കെ സിനിമയില്‍ വലിയ അവസരങ്ങള്‍ കിട്ടിയിട്ടും നിങ്ങള്‍ മാത്രമെന്താണ് ഇങ്ങനെയായി പോയതെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് നസീര്‍ പറഞ്ഞു.

സ്‌കൈലാര്‍ക്ക് പിക്‌ചേര്‍സ് എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ തന്റെ കഥാപാത്രത്തിന് എന്താണ് പ്രാധാന്യമെന്നും താനത് ചെയ്തത് കൊണ്ട് ഒരു നടനെന്ന നിലയില്‍ എന്തെങ്കിലും ഗുണമുണ്ടോയെന്നതും മാത്രമേ താന്‍ നോക്കാറുള്ളുവെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

‘1995ല്‍ റിലീസായ ‘മിമിക്‌സ് ആക്ഷന്‍ 500’ എന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമാമേഖലയില്‍ വന്നത്. 28 കൊല്ലമായി വന്നിട്ട്. ഇതിനിടയില്‍ നൂറിലധികം സിനിമകള്‍ ചെയ്തിട്ടുണ്ടാകും. ചെറുതും വലുതുമായിട്ടുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്തു. അതില്‍ കൂടുതലും ചെയ്തിരിക്കുന്നത് നര്‍മമുള്ള വേഷങ്ങളാണ്. ‘കഥ പറയുമ്പോള്‍’ എന്ന സിനിമയില്‍ ഒരു മുഴുനീള വേഷമാണെങ്കില്‍ പോലും നര്‍മത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.

‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയിലാണ് ഒരു വ്യത്യസ്തമായ കഥാപാത്രത്തെ ചെയ്തത്. പിന്നെയുള്ളത് ‘യൂത്ത് ഫെസ്റ്റിവല്‍’ സിനിമയിലാണ്. അതല്ലാതെ ചെയ്തത് ഷാജോണിന്റെ ‘ബ്രദേഴ്‌സ് ഡേയി’ലാണ്. അതില്‍ കുറച്ചു സീരിയസ് റോള്‍ ആയിരുന്നു. ‘വില്ലന്‍’ സിനിമയില്‍ ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു. എനിക്ക് ബ്രേക്ക് തന്ന പടം ‘റോഷാക്ക്’ ആയിരുന്നു.

പടങ്ങളുടെ എണ്ണം ഒരുപാടുണ്ടാകാം, അതില്‍ പലതും പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ളതാകാം. എന്നാല്‍ ഒരു നടനെന്ന നിലയില്‍ തുടക്കം മുതല്‍ ഇവിടെവരെയുള്ള വളര്‍ച്ച നോക്കുമ്പോള്‍ ഇപ്പോഴാണ് എനിക്കുള്ള സമയം വന്നത്. അങ്ങനെ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

എന്നെ ഇഷ്ടമുള്ള പലരും ചോദിക്കാറുണ്ട് ‘നിങ്ങളുടെ കൂടെയുള്ളവര്‍ക്കൊക്കെ സിനിമയില്‍ വലിയവസരങ്ങള്‍ കിട്ടിയിട്ടും നിങ്ങള്‍ മാത്രമെന്താണ് ഇങ്ങനെയായി പോയത്?’ എന്ന്. അപ്പോള്‍ ഞാന്‍ പറയാറുണ്ട്, എനിക്കൊരു സമയം വരും. ഞാന്‍ അതിന് വേണ്ടി കാത്തിരിക്കുകയാണെന്ന്.

ആ സമയം ഇപ്പോള്‍ വന്നത് നന്നായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, ഇന്നൊരു പുതിയ തലമുറ സിനിമയിലേക്ക് കടന്നു വന്നിട്ടുണ്ട്. സംവിധാനത്തിലും അഭിനയത്തിലുമൊക്കെ വന്നു. അവരോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം കിട്ടി. മുമ്പുള്ള ആളുകള്‍ നമ്മളില്‍ കണ്ടെത്തിയിട്ടില്ലാത്ത കഥാപാത്രത്തെയും വേഷത്തെയും തരാന്‍ അവര്‍ തയ്യാറാവും. ഇന്നത്തെ ടെക്‌നോളജിയും മാറി. അതുകൊണ്ട് ഇതാണ് നല്ല സമയമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്രയും കൊല്ലം കാത്തിരുന്നിട്ട് ഇപ്പോഴാണ് സിനിമകള്‍ റെഗുലറായി കിട്ടി തുടങ്ങുന്നത്.

ആഗ്രഹിച്ച വേഷങ്ങളൊക്കെ ഇപ്പോഴാണ് ലഭിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കമ്മിറ്റഡാകുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്താണ് പ്രാധാന്യമെന്നും അത് ഞാന്‍ ചെയ്തത് കൊണ്ടെന്തെങ്കിലും ഗുണമുണ്ടോ, വെറുതെ എണ്ണം തികയ്ക്കാന്‍ വേണ്ടിയോ കുറച്ച് കാശ് കിട്ടാന്‍ വേണ്ടി ചെയ്തിട്ടോ കാര്യമില്ലല്ലോ. ആ സിനിമ കൊണ്ട് ഒരു നടനെന്ന നിലയില്‍ എനിക്കെന്തെങ്കിലും ഗുണമുണ്ടോ എന്നത് മാത്രമേ ഞാന്‍ നോക്കാറുള്ളു,’ നസീര്‍ പറഞ്ഞു

Content Highlight: Kottayam Nazeer Talks About The Opportunities He Gets In Movies

We use cookies to give you the best possible experience. Learn more