| Wednesday, 27th October 2021, 3:55 pm

നിങ്ങള്‍ കൃത്യ സമയത്താണ് കൊണ്ടുവന്നത്, കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കില്‍ ആളെ കിട്ടില്ലായിരുന്നു; മാമുക്കോയയെ ആശുപത്രിയില്‍ എത്തിച്ച അനുഭവം പങ്കുവെച്ച് കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ അനുകരണ കലയെ ജനപ്രിയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് കോട്ടയം നസീര്‍. സിനിമാ നടന്‍ എന്നതിനപ്പുറം മലയാളികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നതും മിമിക്രി താരമായാണ്.

ഇപ്പോള്‍ നടന്‍ മാമുക്കോയയുമൊത്തുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് താരം. സഞ്ചാരം ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് മാമുക്കോയയ്‌ക്കൊപ്പം ഹോട്ടലില്‍ താമസിച്ചതും അദ്ദേഹത്തിന് നെഞ്ചുവേദന വന്നപ്പോള്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചുമൊക്കെയാണ് നസീര്‍ പറയുന്നത്.

”ഞാനും മാമുക്കോയക്കയുംം ജോണി ആന്റണിയും ചെറിയാന്‍ കല്‍പകവാടി ചേട്ടനുമൊക്കെയുണ്ട്. ഞങ്ങളെല്ലാവരും വൈകുന്നേരം കഥകള്‍ പറഞ്ഞിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് മാമുക്കോയക്ക നെഞ്ച് തടവുകയും വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എപ്പോഴും ജോളി മൂഡിലിരിക്കുന്ന ആളെ അങ്ങനെ ക്ഷീണാവസ്ഥയില്‍ കണ്ടപ്പോള്‍ പന്തികേട് തോന്നി. ഇന്നിനി ഇക്കയുടെ മുറിയില്‍ കിടക്കണ്ട, എന്റെ ഒപ്പം കിടന്നാ മതി എന്ന് ഞാന്‍ പറഞ്ഞു.

രാത്രിയായപ്പോള്‍ നെഞ്ച് വേദന എന്ന നിലയിലേയ്ക്ക് ഇക്കയുടെ അസ്വസ്ഥത എത്തി. ആശുപത്രിയില്‍ പോവാം എന്ന് എന്നോട് പറഞ്ഞു. ഞാന്‍ ആകെ പേടിച്ച് പോയി. ആരെ വിളിക്കണം, എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയുമില്ല.

റിസപ്ഷനില്‍ വിളിച്ച് പറഞ്ഞ് വണ്ടി വന്ന് ആശുപത്രിയിലെത്തി. അപ്പോഴേക്കും ഞാന്‍ കരഞ്ഞു പോയി. കാരണം അങ്ങനെ ഒരു സാഹചര്യം ഇതുവരെ വന്നിട്ടില്ല. ‘നിങ്ങള്‍ കറക്ട് സമയത്തിനാണ് കൊണ്ടുവന്നത്. കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ആളെ കിട്ടില്ലായിരുന്നു,’ എന്നായിരുന്നു ഡോക്ടര്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞത്. അത് ഭയങ്കര ഷോക്കായിരുന്നു.

അതിപ്പൊഴും മാമുക്കോയക്ക പറയും. ‘ഇവനന്നവിടെ കിടക്കാന്‍ പറഞ്ഞതുകൊണ്ട് എന്നെ തിരിച്ച് കിട്ടി. അല്ലെങ്കില്‍ കാണായിരുന്നു,’ എന്ന്

മാമുക്കോയയെ മറ്റുള്ളവര്‍ അനുകരിച്ചിരുന്ന രീതിയില്‍ നിന്നും മാറിച്ചെയ്തത് കലാഭവന്‍ മണിയായിരുന്നെന്നും അദ്ദേഹത്തെ കണ്ട് പഠിച്ചാണ് താനും മാമുക്കോയയെ അനുകരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയതെന്നും നസീര്‍ പരിപാടിയില്‍ പറയുന്നുണ്ട്. ‘എന്നെ വൃത്തിയായി അനുകരിക്കുന്നത് നീയും കലാഭവന്‍ മണിയുമാണ്,’ എന്ന് മാമുക്കോയ തന്നെ തനിക്ക് ‘ലൈസന്‍സ്’ തന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kottayam Nazeer talks about Mamukkoya

We use cookies to give you the best possible experience. Learn more