| Friday, 4th April 2025, 7:31 am

അന്ന് സിക്‌സ് പാക്ക് ബോഡിയുമായി സെറ്റില്‍ വന്ന ആ യുവനടന്മാരെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. സ്‌പോര്‍ട്‌സ് – കോമഡി ഴോണറിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാന എത്തുന്നത്.

ബോക്‌സിങ് പശ്ചാത്തലമാക്കി എത്തുന്ന ഈ സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇവര്‍ക്ക് പുറമെ കോട്ടയം നസീര്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ബോക്‌സിങ് പശ്ചാത്തലമായ സിനിമയായത് കൊണ്ട് തന്നെ പ്രധാനതാരങ്ങളെല്ലാം ആറ് മാസത്തോളം വര്‍ക്കൗട്ട് ചെയ്യുകയും ബോക്‌സിങ് പ്രാക്ടീസ് നടത്തുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സിനിമയെ കുറിച്ച് പറയുകയാണ് കോട്ടയം നസീര്‍. സിനിമയില്‍ ഉഗ്രന്‍ ഇടിയാണുള്ളതെന്നും മുഴുവന്‍ ടീമും ഇതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

നസ്‌ലെന്‍, ലുക്മാന്‍, ഗണപതി ഉള്‍പ്പെടെയുള്ളവര്‍ സിക്‌സ് പാക്ക് ബോഡിയുമായാണ് സെറ്റിലേക്ക് വന്നതെന്നും അത് കണ്ട് താന്‍ ശരിക്കും അത്ഭുതപ്പെട്ടുവെന്നും കോട്ടയം നസീര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ആലപ്പുഴ ജിംഖാനയില്‍ നല്ല ഉഗ്രന്‍ ഇടിയാണ് ഉള്ളത്. ഗണപതിയാണെങ്കിലും നസ്‌ലെന്‍ ആണെങ്കിലും മുഴുവന്‍ ടീമും സിനിമക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ലുക്മാന്‍ അടക്കമുള്ളവര്‍ ആറ് മാസം വര്‍ക്കൗട്ടും മറ്റും ചെയ്തിട്ടുണ്ട്.

സിക്‌സ് പാക്ക് ബോഡിയുമായിട്ടാണ് അവരൊക്കെ സെറ്റിലേക്ക് വന്നത്. ഞാന്‍ ശരിക്കും അത് കണ്ട് അത്ഭുതപ്പെട്ടു പോയിരുന്നു. കാരണം ഇവരെയൊക്കെ എനിക്ക് മുമ്പേ തന്നെ നേരിട്ട് പരിചയമുള്ളതാണല്ലോ. അവര്‍ അത്രയും പണിയെടുത്തിട്ടുണ്ട്.

അത് ട്രെയ്‌ലര്‍ കണ്ടാല്‍ തന്നെ അറിയാമല്ലോ. നന്നായി അധ്വാനിച്ചിട്ട് തന്നെയാണ് അവര്‍ സിനിമയില്‍ അഭിനയിച്ചത്. നമുക്ക് പിന്നെ ട്രെയ്‌നിങ്ങൊന്നും ഉണ്ടായിരുന്നില്ല (ചിരി),’ കോട്ടയം നസീര്‍ പറയുന്നു.

Content Highlight: Kottayam Nazeer Talks About Alappuzha Gymkhana Movie Actors

Latest Stories

We use cookies to give you the best possible experience. Learn more