| Saturday, 26th October 2024, 3:17 pm

ആ രണ്ട് സിനിമയിലും ഹനീഫിക്കക്ക് ഡബ്ബ് ചെയ്തത് ഞാനായിരുന്നു: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ കോമഡി വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുകയാണ്. കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കോട്ടയം നസീര്‍.

മിമിക്രി ചെയ്തുകൊണ്ടിരുന്ന കാലത്ത് താന്‍ ഏറ്റവുമധികം അനുകരിച്ചത് ഹനീഫയുടെ ശബ്ദമായിരുന്നെന്ന് കോട്ടയം നസീര്‍ പറഞ്ഞു. തന്നെ എപ്പോള്‍ കാണുമ്പോഴും അദ്ദേഹം തന്നോട് സ്‌നേഹത്തോടെ മാത്രമേ സംസാരിക്കുള്ളൂവെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയുടെ ഷൂട്ടിനിടയില്‍ തന്നെ മമ്മൂട്ടിക്ക് പരിചയപ്പെടുത്തിയത് ഹനീഫയായിരുന്നുവെന്നും കോട്ടയം നസീര്‍ പറഞ്ഞു. കൊച്ചിന്‍ ഹനീഫക്ക് വേണ്ടി രണ്ട് സിനിമകളില്‍ താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് കോട്ടയം നസീര്‍. കൊച്ചിന്‍ ഹനീഫയുടെ അവസാനകാലത്ത് ഓടിനടന്ന് സിനിമകള്‍ ചെയ്യുന്ന സമയത്ത് താന്‍ ഒരിക്കല്‍ അദ്ദേഹത്തെ വിളിച്ചിട്ടുണ്ടെന്ന് കോട്ടയം നസീര്‍ പറഞ്ഞു.

ആ സമയത്ത് അദ്ദേഹം എന്തിരന്‍, മദ്രാസ് പട്ടണം എന്നീ സിനിമകള്‍ ചെയ്യുകയാണെന്ന് തന്നോട് പറഞ്ഞെന്നും പിന്നീടാണ് അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു. ആ രണ്ട് സിനിമകളുടെയും ഷൂട്ട് തീരുന്നതിന് മുന്നേ അദ്ദേഹം അന്തരിച്ചെന്നും പിന്നീട് കലാഭവന്‍ മണിയുടെ നിര്‍ദേശപ്രകാരം താനാണ് ആ രണ്ട് സിനിമയിലും ഹിനീഫക്ക് ഡബ്ബ് ചെയ്തതെന്നും നസീര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു കോട്ടയം നസീര്‍.

‘ഹനീഫിക്കയോട് ഒരു ജ്യേഷ്ഠനോട് തോന്നുന്ന പോലത്തെ സ്‌നേഹവും ബഹുമാനവുമാണ് എനിക്കുള്ളത്. മിമിക്രി ചെയ്തുകൊണ്ടിരുന്ന കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ഇമിറ്റേറ്റ് ചെയ്തുകൊണ്ടിരുന്നത് ഹനീഫിക്കയുടെ ശബ്ദമായിരുന്നു. പുള്ളി അത് നല്ലവണ്ണം പ്രോത്സാഹിപ്പിക്കുമായിരുന്നു. എന്നെ എപ്പോള്‍ കണ്ടാലും സ്‌നേഹത്തോടെ പെരുമാറുമായിരുന്നു.

അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ആ ലൊക്കേഷന്റെ അടുത്തായി മമ്മൂക്കയുടെ ഒരു പടത്തിന്റെ ഷൂട്ടും ഉണ്ടായിരുന്നു. എന്നെ ആദ്യമായി മമ്മൂക്കക്ക് പരിചയപ്പെടുത്തിയത് ഹനീഫിക്കയായിരുന്നു. ഞാന്‍ സിനിമയില്‍ കുറച്ച് സജീവമായി വരുന്ന സമയത്ത് ഹനീഫിക്ക ഓടിനടന്ന് സിനിമകള്‍ ചെയ്യുകയായിരുന്നു.

ഒരിക്കല്‍ ഞാന്‍ പുള്ളിയെ വിളിച്ചപ്പോള്‍ തമിഴില്‍ രണ്ട് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. പിന്നീട് പുള്ളിക്ക് വയ്യാതായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഹനീഫിക്ക മരിച്ചതിന് ശേഷം പുള്ളി തമിഴില്‍ ചെയ്ത രണ്ട് പടങ്ങള്‍, എന്തിരനും മദ്രാസ് പട്ടണവും അതില്‍ അദ്ദേഹത്തിന് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. കലാഭവന്‍ മണിയായിരുന്നു എന്റെ പേര് സജസ്റ്റ് ചെയ്തത്,’ കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Kottayam Nazeer says that he dubbed for Cochin Haneefa in Enthiran movie

We use cookies to give you the best possible experience. Learn more