റോഷാക്കിലെ ശശാങ്കനെ സിനിമ കണ്ടവരാരും മറക്കാനിടയില്ല. ശശാങ്കന്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സായിരുന്നു കോട്ടയം നസീര്‍ കാഴ്ചവെച്ചത്.
ഒ.ടി.ടി റിലീസിന് പിന്നാലെ ലൂക്ക് ആന്റണിക്കും ദിലീപിനും സീതക്കും സുജാതക്കുമൊപ്പം ശശാങ്കനും ചര്‍ച്ചയാകുന്നുണ്ട്. ഗ്രേ ഏരിയയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളുള്ള റോഷാക്കില്‍ വളരെ സങ്കീര്‍ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നയാളാണ് ശശാങ്കന്‍.
സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ അറിഞ്ഞുകൊണ്ടും സ്വന്തം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും ക്രൂരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുമ്പോള്‍ അത്തരമൊരു തീവ്രമായ നടപടിയിലേക്ക് ഒരു ഘട്ടത്തിലും ശശാങ്കന്‍ നീങ്ങുന്നില്ല. മാത്രമല്ല അപ്രതീക്ഷിതമായി അത്തരം ചില പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വരുമ്പോള്‍ അയാള്‍ വല്ലാതെ അസ്വസ്ഥനാകുന്നുമുണ്ട്.
ചിത്രത്തില്‍ മനസാക്ഷികുത്ത് അനുഭവിക്കുന്ന ഏക കഥാപാത്രവും ശശാങ്കനാണ്. തന്റെ ബന്ധുക്കളുടെ പ്രവര്‍ത്തികളില്‍ ഒന്നും പറയാനാകാതെ നോക്കിനില്‍ക്കേണ്ടി വരുന്ന അയാള്‍ ഒടുവില്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയാണ്.
സാമ്പത്തികമായി ചില ലാഭങ്ങള്‍ വേണമെന്ന് ഇടക്കെങ്കിലും ആഗ്രഹിക്കുന്ന ശശാങ്കന്‍ പക്ഷെ നിരവധി തവണ പലരെയും തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരോടും അത്രക്കൊന്നും എതിര്‍ത്ത് പറയാനാകാത്ത പ്രകൃതം മൂലം ഒന്നും ചെയ്യാനാകാതെ നിസഹായനായി പോകുന്നു.
പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രവും സിനിമയുടെ ഓരോ ഘട്ടത്തിലും കാണികളുടേതിന് സമാനമായ ഞെട്ടലിലൂടെ കടന്നുപോകുന്നതും ശശാങ്കനാണ്. ദിലീപിന്റെ കമ്പനി പൂട്ടിച്ചതിന്റെ സന്തോഷം പായസം വെച്ച് ആഘോഷിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസില്‍ തോന്നുന്ന കാര്യം ഡയലോഗിലൂടെ ചോദിക്കുന്നത് ഇയാളാണ്.
ചിത്രത്തിന്റെ അവസാനത്തില്‍ ശശാങ്കന്‍ പൊലീസിന് മുമ്പില്‍ എല്ലാം തുറന്നു പറയുന്നതിന് പിന്നില്‍ ഒരൊറ്റ കാരണമല്ല ഉള്ളത്. ശശാങ്കന്റെ അതുവരെയുള്ള കഥാപാത്ര നിര്‍മിതി വെച്ച് ഇത് പ്രായശ്ചിത്തമോ മനസ്താപമോ ആയി കണക്കാക്കാമെങ്കിലും ജീവനിലുള്ള കൊതി കൂടി അതിന് കാരണമാണ്.
മകനെ അന്വേഷിച്ച് വന്ന പൊലീസിനെ സീത നിമിഷ നേരം കൊണ്ട് തീര്‍ത്തത് അയാള്‍ കണ്ടതാണ്. ആ സംഭവത്തെ കുറിച്ച് അറിയാവുന്ന തന്നെയും ഒരുപക്ഷെ അവര്‍ എന്നെങ്കിലും തീര്‍ത്താക്കാമെന്ന പേടിയായിരിക്കാം അയാളെ കൊണ്ട് അത് ചെയ്യിച്ചത്.
വിഷമത്തേക്കാളും നിരാശയേക്കാളും, പൊലീസിന്റെ ശവം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുത്ത ശേഷം സീതയെ നോക്കുന്ന അയാളുടെ മുഖമാകെ പടര്‍ന്നുപിടിക്കുന്നത് പേടിയാണ്. ലൂക്ക് ആന്റണിയെയും അയാള്‍ ഒരുപാട് ഭയക്കുന്നുണ്ട്, എങ്കിലും സീതയാണ് ശശാങ്കനെ വിറപ്പിക്കുന്നത്.
തുടക്കത്തില്‍ തന്നെ ഭാര്യവീട്ടുകാര്‍ക്ക് തന്നോട് ഇഷ്ടമല്ലെന്ന കാര്യം ശശാങ്കന്‍ പറയുന്നുണ്ട്. ഇവിടം മുതല്‍ അവസാനം വരെ മികച്ച സ്‌ക്രീന്‍ പ്രസന്‍സോട് കൂടിയാണ് കോട്ടയം നസീര്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
Content Highlight: Kottayam Nazeer’s Shashankan in Rorschach explained