| Tuesday, 18th October 2022, 6:15 pm

ശശാങ്കനോട് കൂടി കോട്ടയം നസീര്‍ അഭിനയത്തിന്റെ മറ്റൊരു തലത്തിലേക്ക് കയറിപ്പോകും; അതിനുള്ളതൊക്കെ ശശാങ്കനില്‍ നിറച്ചു വെച്ചിട്ടുണ്ട്

Latheef Mehafil

കഥാപാത്രങ്ങളിലേക്കുള്ള നടീ നടന്മാരുടെ കാസ്റ്റിംഗ് വളരെയധികം ബ്രില്ല്യന്‍സ് ആവശ്യമുള്ള ഒരു പ്രോസസ്സ് ആണ്. മലയാളത്തില്‍ കാസ്റ്റിംഗ് ഡയറക്റ്റര്‍ എന്ന പോസ്റ്റ് പോലും ഈ അടുത്താണ് കേട്ട് തുടങ്ങിയത്.

ഇവിടെ ഇപ്പോഴും വിപുലമായ സ്വീകാര്യത സിനിമയ്ക്കുള്ളില്‍ ആ പോസ്റ്റിന് വന്നിട്ടില്ല. ക്യാരക്ടറിന്റെ സ്വഭാവത്തിന്റെ ഏകദേശ ധാരണ വെച്ച് എഴുത്തുകാരും സംവിധായകരും ചിലപ്പോള്‍ വലിയ താരങ്ങളും ചേര്‍ന്നാണ് ഇപ്പോഴും കാസ്റ്റിങ് നടത്തുന്നത്.

ചിലപ്പോള്‍ അത്തരം തെരഞ്ഞെടുപ്പുകള്‍ പാളിപ്പോകാറുമുണ്ട്. എന്നാല്‍ വളരെ ബ്രില്ല്യന്റായ ചില കാസ്റ്റിങ്ങുകള്‍ മലയാള സിനിമയിലുണ്ട്.
അതില്‍ എന്നെ ഇന്നും അതിശയിപ്പിക്കുന്ന ഒരു കാസ്റ്റിംഗ് ഗോഡ് ഫാദര്‍ എന്ന സിദ്ധിഖ് ലാല്‍ സിനിമയിലേതാണ്.

അതിശക്തമായ ഒരു ക്യാരക്ടര്‍ ആണ് ആ സിനിമയിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രം. ആ റോളിലേക്ക് എന്‍.എന്‍ പിള്ള എന്ന കൃതഗാത്രനായ ഒരു ചെറിയ മനുഷ്യനെയാണ് സംവിധായകര്‍ കാസ്റ്റ് ചെയ്തത്. ആ സിനിമ കണ്ടവര്‍ക്കറിയാം അഞ്ഞൂറാന്‍ ശക്തനാവുന്നത് ഏത് ആസ്പെക്റ്റിലാണെന്ന്.

തീവ്രമായ ജീവിതാനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട് വന്ന ആരുടെ മുന്നിലും പതറാത്ത മാനസിക ബലമുള്ള ആ കഥാപാത്രത്തെ എന്‍.എന്‍ പിള്ള എന്ന മെലിഞ്ഞ മനുഷ്യനിലേക്ക് കടത്തി വിട്ട സംവിധായകരുടെ ആ ബ്രില്ല്യന്‍സ് അങ്ങേയറ്റം ക്രിയേറ്റിവിറ്റി നിറഞ്ഞ ഒന്നാണ്. ആ സിനിമയിലെ
അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് അത്രയും കരിസ്മാറ്റിക് ആയിരുന്നു.

അതുപോലെ തന്നെ അതുവരെ കൂടുതലും ഹാസ്യ വേഷങ്ങളും മുത്തശ്ശി വേഷങ്ങളും മാത്രം ചെയ്തു വന്ന ഫിലോമിന ചേച്ചിയെ ആനപ്പാറ അച്ചാമ്മ എന്ന മലയാള സിനിമ കണ്ട ഏറ്റവും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ച ബ്രില്ല്യന്‍സ് കാണാതിരിക്കാന്‍ കഴിയില്ല.

അതേ സിനിമയില്‍ അഞ്ഞൂറാന്റെ മൂത്ത മോനായി വരുന്ന തിലകന്റെ കാസ്റ്റും ആരും പെട്ടെന്ന് ചിന്തിക്കാത്ത കാസ്റ്റിംഗ് ആയിരുന്നു.

പിന്നെയുമുണ്ട് ഓര്‍മകളുടെ ഏറ്റവും മുന്നിലേക്ക് വിളിക്കാതെ തന്നെ വന്ന് നില്‍ക്കുന്ന ചില കാസ്റ്റിങ് ബ്രില്ല്യന്‍സുകള്‍. മൂന്നാം പക്കത്തിലെ തിലകന്റെ മുത്തശ്ശന്‍, ജോണി വാക്കറിലെ കുട്ടപ്പായി, മണിച്ചിത്രത്താഴിലെ ശോഭന, അഗ്‌നിസാക്ഷിയിലെ രജിത് കപൂര്‍, ദൃശ്യത്തിലെ ഷാജോണിന്റെ പോലീസുകാരന്‍, പാലേരി മാണിക്യത്തിലെ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി,
ദേവാസുരത്തിലേ നീലകണ്ഠന്‍, താഴ്വാരത്തിലെ സലിം ഗൗസ്…അങ്ങനെയങ്ങനെ പോകുന്നു ആ കഥാപാത്രങ്ങള്‍.

ഇപ്പോള്‍ റോഷാക്കിലെ ശശാങ്കന്‍ ആയി വന്ന കോട്ടയം നസീറും ആ കാസ്റ്റിംഗ് ബ്രില്ല്യന്‍സിന്റെ ഒടുവിലത്തെ മികവായി മുന്നില്‍ നില്‍ക്കുന്നുണ്ട്.

നസീര്‍ ഈ സിനിമയില്‍ ശശാങ്കന്‍ എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് പെരുമാറിയിട്ടുണ്ട്. തന്നിലെ നന്മകളെ മനുഷ്യന്റെ അടിസ്ഥാനപരമായ ആര്‍ത്തി കൊണ്ട് നശിപ്പിക്കുകയും തന്റെ ചുറ്റുമുള്ള സ്വാര്‍ത്ഥത കൊണ്ട് പരിമിതപ്പെട്ടു പോയ മനുഷ്യരുടെ സ്ഥിരം സഹവാസം കൊണ്ട് തിന്മയുടെ ഓരം ചേര്‍ന്ന് നടന്ന ശശാങ്കന്‍.

ഒടുവില്‍ കൊന്ന് നേടിയതൊക്കെ തീയെടുത്തപ്പോള്‍ അയാളുടെ ഒരു ഇരിപ്പുണ്ട്. അപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും നിസ്സാരനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്‍ അയാളാണ്. കോട്ടയം നസീര്‍ ശശാങ്കനോട് കൂടി അഭിനയത്തിന്റെ ഒരു പുതിയ ഫെയിസിലേക്ക് കയറിപ്പോകും.
പോകണം. അതിനുള്ളതൊക്കെ അയാളിലുണ്ട് എന്ന് അയാള്‍ ശശാങ്കനില്‍ നിറച്ചു വെച്ചിട്ടുണ്ട്.

Content Highlight: Kottayam Nazeer Performance On Rorschach

Latheef Mehafil

We use cookies to give you the best possible experience. Learn more