| Wednesday, 19th July 2023, 11:59 pm

'ഞാൻ ധരിച്ച വിഗ്ഗ് തെറിച്ച് കാണികൾക്കിടയിലേക്ക് പോയി; എന്താണെനിക്ക് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വേദിയിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ തലയിലെ വിഗ്ഗ് അഴിഞ്ഞ് പോയിട്ടുണ്ടെന്ന് നടൻ കോട്ടയം നസീർ. കർട്ടന്റെ പിന്നിൽ നിന്ന് തന്നെ സഹായിച്ചവർ ചിരിച്ചുകൊണ്ട് ഓടി പോയെന്നും പിന്നീട് താൻ വേദിയിൽ നിന്ന് വിഗ്ഗില്ലാതെ തന്നെ പരിപാടി അവതരിപ്പിച്ചെന്നും കോട്ടയം നസീർ പറഞ്ഞു. ബി ഇറ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന്യൻ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ അതുമായി ബന്ധപ്പെട്ട നമ്പറുകൾ ഒക്കെ മിമിക്രിയിൽ ചെയ്യുമായിരുന്നു. അതിനു വേണ്ടി ഞാൻ മീശയൊക്കെ എടുത്തു, പിന്നെയൊരു വിഗ്ഗോക്കെ വാങ്ങി.

നവാസ് ആണ് ഡോക്ടർ ആയിട്ട് അഭിനയിക്കുന്നത്. ഡോക്ടർ ഓരോ വിവരങ്ങളും ചോദിക്കുമ്പോൾ രോഗി പല ഭാവങ്ങളിലേക്ക് മാറുന്ന സീനാണ് ചെയ്യുന്നത്. പക്ഷെ അന്യന്റെ പെരുമാറ്റം മാത്രമാണുള്ളത്. സംസാരിക്കുന്നത് നമ്മുടെ നടന്മാരുടെ ശബ്ദത്തിലാണ്. വീട് എവിടാണെന്നു ചോദിക്കുമ്പോൾ ജനാർദ്ദനൻ ചേട്ടന്റെ ശബ്ദത്തിൽ പറയും, അടുത്ത ചോദ്യത്തിന് ജഗദീഷ് ചേട്ടന്റെ ശബ്ദത്തിൽ മറുപടിയും പറയും. അതാണ് സ്കിറ്റ്.

ഡോക്ടർ അടിക്കുമ്പോൾ ഞാൻ തല തിരിക്കണം, അപ്പോൾ അന്യന്റെ കഥാപാത്രമാകും. എന്റെ തലയിൽ വിഗ്ഗ് ഉണ്ട്. അതുകൊണ്ടുതന്നെ ഞാൻ മുടി പിന്നിലേക്ക് ചീകി വെച്ചിരിക്കുകയാണ്. അപ്പോൾ എന്നെ കണ്ടാൽ കൊച്ചിൻ ഹനീഫ ആണെന്നേ പറയൂ.

ഡോക്ടർ അടിക്കുമ്പോൾ ഞാൻ വളരെ ഫോഴ്‌സിലാണ് തല തിരിക്കുന്നത്. അപ്പോൾ വിഗ്ഗ് തെറിച്ച് കാണികളുടെ അടുത്തേക്ക് പോയി. എനിക്ക് നന്നായി കാണികളുടെ മുഖം കാണാം. അവർ ഇതാരാ ഈ നിൽക്കുന്നത്? എന്തിനാ ഇയാൾ ഈ വിഗ്ഗ് ഇങ്ങോട്ട് എറിഞ്ഞത് എന്നുള്ള തരത്തിലാണ് നോക്കുന്നത്. കൊച്ചിൻ ഹനീഫയാണോ എന്നൊക്കെ ഓടിയൻസിന് തോന്നികാണും.

കർട്ടന്റെ പിന്നിൽ നിൽക്കുന്നവർ ഒക്കെ ചിരിച്ചിട്ട് ഓടിയത് എനിക്ക് നന്നായി കേൾക്കാം. അവർ മ്യൂസിക് ഇട്ട് തന്നിട്ടാണ് ഓടി പോയത്, അവർക്ക് എന്റെ നിസ്സഹായാവസ്ഥ മനസിലായി.

എനിക്ക് വിഗ്ഗ് കുനിഞ്ഞിട്ട് എടുക്കാനും പറ്റില്ല. ഞാൻ അതെ ഷെയ്പ്പിൽ തന്നെ ബാക്കി സ്കിറ്റ് അവിടെ നിന്ന് ചെയ്‌തു. ആ സമയത്ത് എന്താണ് എനിക്ക് സംഭവിച്ചതെന്ന് ഇപ്പോഴും ഓർമ കിട്ടുന്നില്ല (ചിരിക്കുന്നു),’ കോട്ടയം നസീർ പറഞ്ഞു.

Content Highlights: Kottayam Nazeer on mimikri experiences

We use cookies to give you the best possible experience. Learn more