|

ചേട്ടന് ഞാന്‍ നല്ലൊരു വേഷം തരും, ആ സീന്‍ കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് പറഞ്ഞു: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ബ്രദേഴ്‌സ് ഡേ.
പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി, കോട്ടയം നസീര്‍, മഡോണ സെബാസ്റ്റ്യന്‍, പ്രസന്ന, സ്ഫടികം ജോര്‍ജ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.

ബ്രദേഴ്‌സ് ഡേയിലെ കഥാപാത്രം ലഭിച്ചതിനെ പറ്റി സംസാരിക്കുകയാണ് കോട്ടയം നസീര്‍. ഹീറോ എന്ന ചിത്രത്തിലെ തന്റെ പ്രകടനം കണ്ട് പൃഥ്വിരാജാണ് തന്നെ ആ ചിത്രത്തിലേക്ക് നിര്‍ദേശിച്ചതെന്ന് നസീര്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹീറോ സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ ഇമോഷണലായ ഒരു ഡയലോഗ് പറയുന്ന രംഗമുണ്ട്. ആ സീന്‍ കഴിഞ്ഞപ്പോള്‍ ചേട്ടന് ഞാന്‍ ഒരു നല്ല വേഷം തരും എന്ന് പറഞ്ഞു. അങ്ങനെയാണ് ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയിലേക്ക് എന്നെ വിളിക്കുന്നത്.

പറഞ്ഞ വാക്കിന് നേരുള്ള ആളാണ് രാജു. സിനിമയെ പറ്റി രാജുവിന് എല്ലാം അറിയാം. എല്ലാ കാര്യങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ട്,’ നസീര്‍ പറഞ്ഞു.

അഭ്യൂഹമാണ് ഒടുവില്‍ റിലീസ് ചെയ്ത നസീറിന്റെ ചിത്രം. നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കോട്ടയം നസീറിനെ കൂടാതെ രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാഫര്‍ ഇടുക്കി, ആത്മിയ രാജന്‍, മാളവി മല്‍ഹോത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: kottayam nazeer about prithviraj