| Tuesday, 25th October 2022, 1:43 pm

ഡബിള്‍ മീനിങ് തമാശകള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കേണ്ടി വരുന്നത് തോല്‍വിയാണ്; പണ്ടും ഞാനത് ചെയ്തിട്ടില്ല: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളില്‍ വരുന്ന ഡബിള്‍ മീനിങ് തമാശകളെ കുറിച്ചും മാറിയ കാലത്ത് അത് പ്രേക്ഷകനില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ലക്കി സിങ് എന്ന കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്ന ചില ഡബിള്‍ മീനിങ് ‘കോമഡി’കളാണ് ഈ വിഷയത്തെ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.

കോമഡിയില്‍ ഡബിള്‍ മീനിങ് ഉള്‍ക്കൊള്ളിക്കുന്നതിനെ കുറിച്ചും അതിനോടുള്ള തന്റെ വിയോജിപ്പിനെ കുറിച്ചും സംസാരിക്കുകയാണ് നടനും മിമിക്രി ആര്‍ടിസ്റ്റുമായ കോട്ടയം നസീര്‍.

ഒരു കാലത്തും ഡബിള്‍ മീനിങ് കോമഡികളെ താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും തമാശകള്‍ ഇത്തിരി കുറഞ്ഞാലും ആളുകള്‍ അയ്യേ എന്ന് പറയുന്ന രീതിയില്‍ ഒന്നും സ്‌കിറ്റില്‍ ഉണ്ടാകരുതെന്ന്, തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നുമാണ് കോട്ടയം നസീര്‍ പറയുന്നത്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

കോമഡിയെ ആളുകള്‍ പല രീതിയില്‍ വിമര്‍ശിക്കുന്ന സമയമാണ്. ഇന്ന് കോമഡി പറയുമ്പോള്‍ അതിലെ പൊളിറ്റിക്കല്‍ കറക്ടനെസിനേയും സ്ത്രീ വിരുദ്ധതയേയും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുമൊക്കെ പഠിക്കേണ്ടി വരാം. കോമഡി സിനിമകളുടേയും സ്‌കിറ്റുകളുടേയും ഭാഗമാകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു കോട്ടയം നസീറിന്റെ മറുപടി.

‘ ഏതെങ്കിലും രീതിയിലുള്ള ഡബിള്‍ മീനിങ്ങുള്ള, വള്‍ഗാരിറ്റിയുള്ള തമാശകള്‍ ഞാന്‍ പണ്ടും ചെയ്തിട്ടില്ല, ഇപ്പോഴും ചെയ്യാറില്ല. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവരോട് ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യം തമാശ ഇത്തിരി കുറവാണെങ്കിലും കുഴപ്പമില്ല ആള്‍ക്കാര്‍ അയ്യേ എന്ന് പറയരുത് എന്നാണ്.

കാരണം ഞാനും എന്റെ കുടുംബവും ഇരുന്നിട്ടാണ് മിക്കപ്പോഴും ഈ പ്രോഗ്രാമുകളൊക്കെ കാണുന്നത്. എന്റെ അമ്മയും ഭാര്യയും കുഞ്ഞുങ്ങളും കേട്ട് മുഖം ചുളിക്കുന്ന ഒരു സംഭവം ചെയ്യുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഒരു തോല്‍വിയായിട്ടാണ് കാണുന്നത്.

ഞാന്‍ പണ്ടും അതിന് ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ കോമഡിയുടെ കാര്യത്തില്‍ ഈ പറഞ്ഞതുപോലെ കുറച്ച് ബുദ്ധിമുട്ടാണ്. മിമിക്രിയില്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ പറ്റുമോ എന്നൊക്കെ എനിക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് തമാശ എഴുതുന്നവര്‍ക്ക്.

കാരണം നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എല്ലാം മാറ്റിവെച്ച് തമാശ ഉണ്ടാക്കാനും പറ്റില്ല. സിനിമയുടെ കാര്യം പറഞ്ഞാല്‍ നാടോടിക്കാറ്റ് സിനിമ കണ്ട് നമ്മള്‍ എല്ലാവരും ചിരിച്ചിട്ടുണ്ട്. അതില്‍ രണ്ട് ചെറുപ്പക്കാര്‍ ജീവിക്കാന്‍ വേണ്ടി അവര്‍ കാണിക്കുന്ന തത്രപ്പാടാണ് കാണിക്കുന്നത്. അവരുടെ വേദനയാണ് നമുക്ക് തമാശയായിട്ട് മാറിയത്. എവിടെയെങ്കിലും ഒരു നൊമ്പരം ഒരാള്‍ക്ക് ഉറപ്പായിട്ടും ഉണ്ടാകും. അത് നമ്മള്‍ മനസിലാക്കണം, കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Kottayam Nazeer about Double Meaning Comedies and Movie Dialogues

We use cookies to give you the best possible experience. Learn more