'ഞാന്‍ ആ സിനിമ കണ്ടിട്ടില്ല'; 'കുട്ടിച്ചന്‍' സിനിമാ വിവാദത്തില്‍ കോട്ടയം നസീര്‍
Kerala News
'ഞാന്‍ ആ സിനിമ കണ്ടിട്ടില്ല'; 'കുട്ടിച്ചന്‍' സിനിമാ വിവാദത്തില്‍ കോട്ടയം നസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 3:59 pm

കോഴിക്കോട്: തന്റെ സിനിമയിലെ ഏതാനും ഭാഗങ്ങള്‍ കോപ്പിയടിച്ചാണ് കോട്ടയം നസീര്‍ “കുട്ടിച്ചന്‍” എന്ന ഷോട്ട് ഫിലിം ചെയ്തതെന്ന സുദേവന്‍ പെരിങ്ങോടിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടനും മിമിക്രി ആര്‍ടിസ്റ്റുമായ കോട്ടയം നസീര്‍.

താന്‍ ഇതുവരെ സുദേവന്‍ പെരിങ്ങോടിന്റെ ചിത്രം കണ്ടിട്ടില്ലെന്നായിരുന്നു കോട്ടയം നസീറിന്റെ പ്രതികരണം.

“സുദേവന്‍ പെരിങ്ങോടിന്റെ സിനിമ ഞാന്‍ കണ്ടിട്ടില്ല. കാണാത്ത കാര്യത്തെ കുറിച്ച് താന്‍ എങ്ങനെ പറയും. ഒരു കാര്യത്തെ കുറിച്ച് എഴുതി അറിയിക്കാന്‍ പലര്‍ക്കും കഴിയും അത് ശരിയാണോ എന്ന് നോക്കേണ്ട അവകാശം എനിക്കില്ലേ? സിനിമ കണ്ട ശേഷം ഞാന്‍ പറയാം. എനിക്ക് ഒന്നില്‍ നിന്നും ഒളിച്ചോടേണ്ട കാര്യമില്ല.” കോട്ടയം നസീര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സുദേവന്റെ “അകവും പുറവും” സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ആശയവും പ്രചരണ രീതിയും അതേ പടി എടുക്കുന്നതായിട്ടാണ് കോട്ടയം നസീറിന്റെ കുട്ടിച്ചന്‍ സിനിമ എന്നാണ് തനിക്ക് തോന്നിയതെന്നായിരുന്നു സുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുപോലെ പോകുന്നത് ശരിയായിരിക്കില്ലായെന്നും സുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

സുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രീ :കോട്ടയം നസീര്‍ അറിയുവാന്‍.

അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


‘എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്ന് കല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല’ ; സാംസ്‌കാരിക നായകരുടെ മൗനത്തെ പരോക്ഷമായി ന്യായീകരിച്ച് മുഖ്യമന്ത്രി


താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ “കുട്ടിച്ചന്‍ ” എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്സ് ട്രസ്‌ററ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “”അകത്തോ പുറത്തോ “”എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല …എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു…..

സുദേവന്റെ “അകത്തോ പുറത്തോ” എന്ന ചിത്രത്തിലെ “വൃദ്ധന്‍” എന്ന സെഗ്മെന്റ് കോട്ടയം നസീര്‍ അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ഡോ. ബിജുവും രംഗത്തെത്തിയിരുന്നു.

പ്രമേയം മാത്രമല്ല ക്യാമറ ആംഗിള്‍, ട്രീറ്റ്‌മെന്റ് എല്ലാം അതേപടി ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്നും സ്വന്തമായി സര്‍ഗ്ഗാത്മകത ഇല്ലെങ്കില്‍ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെയെന്നും ഇമ്മാതിരി മോഷണത്തിന് ഇറങ്ങേണ്ടതുണ്ടോയെന്നും ഡോ. ബിജു ഫേ്‌സബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

സുദേവന്‍ നിയമപരമായി നീങ്ങണമെന്നും ബിജു ആവശ്യപ്പെട്ടു. സുദേവന്‍ മനോഹരമായി, പൊളിറ്റിക്കല്‍ ആയി ചിത്രീകരിച്ച സെഗ്മെന്റ്‌റ് എടുത്ത് കട്ട പൈങ്കിളി ആയി ഒരു ഷോര്‍ട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാള്‍ മോശമായി കോട്ടയം നസീര്‍ ചെയ്ത അതിക്രമമെന്നും ഡോ. ബിജു പറഞ്ഞിരുന്നു.