മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ മിമിക്രി താരമാണ് കോട്ടയം നസീർ. അനുകരണ കലയോടൊപ്പം സിനിമയിലും താരത്തിന് തിളങ്ങാൻ സാധിച്ചു.
ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നസീർ ഇന്ന് സീരിയസ് വേഷങ്ങളുടെയും ഭാഗമാണ്. റോഷാർക്ക് എന്ന ചിത്രത്തിലെ കഥാപാത്രമെല്ലാം ആ രീതിയിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
നല്ലൊരു ചിത്രകാരൻ കൂടിയായ കോട്ടയം നസീർ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർസ്റ്റാറുകളുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്. മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് അഭിപ്രായം പറയുകയാണ് കോട്ടയം നസീർ.
മമ്മൂട്ടിയെ കുറിച്ചൊക്കെ താൻ എന്താണ് ഇനി പറയേണ്ടതെന്ന് ചോദിക്കുകയാണ് നസീർ. എന്തെങ്കിലും പറഞ്ഞ് തുടങ്ങിയാൽ ആളുകൾ സുഖിപ്പിക്കുകയാണെന്ന് പറയുമെന്നും അങ്ങനെ ചെയേണ്ട കാര്യമില്ലെന്നും നസീർ പറയുന്നു.
ഇങ്ങനെ പറഞ്ഞെന്ന് കരുതി കഥാപാത്രങ്ങൾ തേടി വരില്ലെന്നും സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ മാത്രമേ എല്ലാവരും വിളിക്കുകയുള്ളൂവെന്നും സൈന സൗത്ത് പ്ലസിനോട് താരം പറഞ്ഞു.
‘മമ്മൂക്കയെ കുറിച്ചൊക്കെ നമ്മൾ ഇനി എന്ത് പറയാനാണ്. ഇനി അഥവാ പറഞ്ഞാൽ നമ്മുടെ കുറച്ച് പ്രേക്ഷകരിൽ ചിലർ പറയും, ആ തള്ള് തുടങ്ങി, സുഖിപ്പിക്കൽ, ഒലിപ്പിക്കൽ എന്നൊക്കെ. എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അവരെ നമ്മൾ ഇരുന്ന് അങ്ങനെ സുഖിപ്പിച്ചെന്ന് കരുതി നമുക്ക് വേഷങ്ങൾ ഒന്നും കിട്ടില്ല. സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടെങ്കിൽ മാത്രമേ നമ്മളെയും വിളിക്കുള്ളൂ. അത് ആരാണെങ്കിലും,’ കോട്ടയം നസീർ പറയുന്നു.
കോട്ടയം നസീർ അഭിനയിക്കുന്ന ജെറിയെന്ന ചിത്രമാണ് ഉടനെ റിലീസിന് എത്താനുള്ളത്. ചിത്രം ഫെബ്രുവരി 9 ന് പ്രദർശനത്തിനെത്തും.
Content Highglight: Kottayam Naseer Talk About Mammootty