Advertisement
Entertainment
മമ്മൂക്ക അങ്ങനെ പറഞ്ഞെന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 19, 12:15 pm
Wednesday, 19th July 2023, 5:45 pm

മിമിക്രിയിലെ സൂപ്പര്‍സ്റ്റാറാണ് നസീറെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് മിമിക്രി താരവും നടനുമായ കോട്ടയം നസീര്‍. മമ്മൂട്ടിയെ പോലെ ലെജന്‍ഡായുള്ള ആള്‍ ഇങ്ങനെ പറയുകയെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. താനാണ് മമ്മൂട്ടിക്ക് ഡബിള്‍ റോളിന് വേണ്ടി ടിനിടോമിനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മമ്മൂക്കയുമായി ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. മമ്മൂക്ക എന്നെ കുറിച്ച് ഇന്റര്‍വ്യൂ പറഞ്ഞതറിയില്ലായിരുന്നു. എന്നെ കുറിച്ച് പറഞ്ഞത് അറിഞ്ഞില്ലായിരുന്നു. മമ്മൂക്കയെ പോലെ ലെജന്‍ഡായുള്ള ആള്‍ നമ്മളെ കുറിച്ച് ഇങ്ങനെ പറയുകയെന്നത് വലിയ കാര്യമല്ലേ. കണ്ണ് നിറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ,’ അദ്ദേഹം പറഞ്ഞു.

മിമിക്രിയിലെ സൂപ്പര്‍സ്റ്റാറെന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞില്ലേയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടി ഡബിള്‍ റോളിന് വേണ്ടി ഒരാളെ ആവശ്യമുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്ക എന്നെ വിളിച്ചിട്ട് ഡബിള്‍ റോള്‍ ചെയ്യാനായി ഒരാള്‍ വേണമെന്ന് പറഞ്ഞു. ഞാന്‍ മതിയോന്ന് ചോദിച്ചു. എന്നാല്‍ എന്റെ ശരീരം വെച്ച് ഞാന്‍ പോരായിരുന്നു. അങ്ങനെയാണ് ടിനിടോമിന്റെ പേര് പറയുന്നത്. അങ്ങനെയാണ് ടിനിടോം അണ്ണന്‍ തമ്പിയില്‍ വരുന്നത്.

മമ്മൂക്ക പണ്ട് മിമിക്രി ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ട്. മറ്റുള്ളവരെ രസിപ്പിക്കുന്നവരെ അദ്ദേഹത്തിന് ഇഷ്ടമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ കോട്ടയം നസീര്‍ പറഞ്ഞു.

റോഷാക്കിലെ കഥാപാത്രം ഇപ്പോഴും തന്നെ വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വീട്ടില്‍ ഇരിക്കുമ്പോഴും ആ കഥാപാത്രമായി മാറാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘റോഷാക്കിന്റെ ഷൂട്ട് കഴിഞ്ഞ് ഒരു മാസത്തോളം ശശാങ്കന്‍ ദേഹത്ത് നിന്ന് വിട്ട് പോകാന്‍ കുറേ സമയമെടുത്തിട്ടുണ്ട്. ആ താടി വെച്ചിട്ടാണ് അപ്പോഴൊക്കെ നടക്കുന്നത്. അത് കഴിഞ്ഞിട്ടുള്ള പടത്തിലും എനിക്കാ താടി വേണ്ടി വന്നു. പത്ത് നാല്‍പത് ദിവസം ഞാന്‍ ലൊക്കേഷനിലുണ്ടായിരുന്നു. എപ്പോഴും ഈ നോട്ടവും ഇരിപ്പും ആണല്ലോ. കുറേക്കഴിയുമ്പോള്‍ നമ്മള്‍ വെറുതെ ഇരിക്കുമ്പോഴും വീട്ടില്‍ ഇരിക്കുമ്പോഴുമെല്ലാം അങ്ങനെ ആയിപ്പോകും. അത് കുറച്ച് കഴിഞ്ഞിട്ടേ ഇറങ്ങിപ്പോകുകയുള്ളൂ,’ നസീര്‍ പറഞ്ഞു.

CONTENT HIGHLIGHTS: KOTTAYAM NASEER ABOUT MAMMOOTTY