അബി എന്ന കലാകാരന്‍ സിനിമ മേഖലയില്‍ എത്തണമെന്ന് എത്രത്തോളം ആഗ്രഹിച്ചിരുന്നെന്നും അതിന്റെ വേദന എത്രത്തോളം ഉണ്ടെന്ന് തനിക്കറിയാമായിരുന്നെന്നും നടന്‍ കോട്ടയം നസീര്‍. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് ദുഃഖമുണ്ടെന്നും, അതിനെപ്പറ്റി ആധികാരികമായി ഇപ്പോള്‍ ഒന്നും സംസാരിക്കാനാകില്ലെന്നും നസീര്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അബി ഇക്കയുടെ മകന്റെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമമുണ്ട്. അതിനെപ്പറ്റി ആധികാരികമായി പറയാന്‍ സാധിക്കില്ല. കാരണം, അവരൊക്കെയായി കണക്ഷന്‍സ് വളരെ കുറവാണ്. വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് കാണുന്നൊക്കെയേയുള്ളു. അതുകൊണ്ട് അതിനെപ്പറ്റി അഭിപ്രായം പറയുന്നില്ല.
ഞാന്‍ ഒരു മിമിക്രിക്കാരന്‍ ആകണം എന്ന ആഗ്രഹിച്ചത് അബി ഇക്കയെ കണ്ടിട്ടാണ്. എല്ലാകാലത്തും എന്നെ അത്ഭുതപ്പെടുത്തിയ ഒരു മിമിക്രി കലാകാരനാണ് അദ്ദേഹം. അബിയെന്ന കലാകാരന്‍ സിനിമാമേഖലയില്‍ എത്തണമെന്ന് എത്രത്തോളം ആഗ്രഹിച്ചതാണെന്നെനിക്കറിയാം. മാനസികമായി തളര്‍ന്നാല്‍ എങ്ങനെയൊക്കെ ജീവിച്ചതാണെങ്കിലും, എത്ര ചെറുപ്പമാണെങ്കിലും നമ്മള്‍ പെട്ടെന്നടിയില്‍ പോകും.
ചിലപ്പോള്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് കാരണവും ആഗ്രഹിച്ച നിലയില്‍ എത്താന്‍ പറ്റാത്തതാവാം. അദ്ദേഹം അത് പുറത്തു പറഞ്ഞിട്ടില്ലായെന്നേയുള്ളു, ചിലപ്പോള്‍ ഉള്ളില്‍ കൊണ്ടുനടന്നിരുന്നതാവാം’, കോട്ടയം നസീര്‍ പറഞ്ഞു.
ഈയിടെ ഉണ്ടായ അസുഖത്തെപ്പറ്റിയും അത് വഴിതെളിച്ച അഭ്യൂഹത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ‘നമ്മള്‍ ഇത്രയും കാലം സിനിമയില്‍ നിന്നിട്ട് ഇപ്പോഴാണ് മനസില്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍ കിട്ടിതുടങ്ങുന്നത്. അപ്പോള്‍ ഇങ്ങനെ ഒരു അസുഖമാണെന്നും ആശുപത്രിയിലാണെന്നുമൊക്കെ വന്ന് തുടങ്ങിയാല്‍ അത് വേറൊരു റൂട്ടിലായിപ്പോകും. അതുകൊണ്ട് ഡോക്ടറോട് അഭിപ്രായം വാങ്ങി ഷൂട്ടിന് പോകുകയായിരുന്നു. പിന്നെ ഒരുപാടുപേരുടെ പ്രാര്‍ഥനയും ഉണ്ടായിരുന്നു’, കോട്ടയം നസീര്‍ പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വേഷങ്ങളില്‍ ഞാന്‍ തൃപ്തനാണ്. ഞാന്‍ മനസുകൊണ്ടാഗ്രഹിച്ച വേഷങ്ങളാണ് എന്നെ തേടിഎത്തുന്നത്. ഇത്രയും കാലം ഞാന്‍ കാത്തിരുന്നത് നഷ്ട്ടമായില്ല. ഒരു നടന്‍ എന്ന നിലയില്‍ എനിക്കും എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു’, കോട്ടയം നസീര്‍ പറഞ്ഞു.
ഇര്‍ഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്ത അയല്‍വാശിയാണ് കോട്ടയം നസീറിന്റെ പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം. നവ്യാനായര്‍, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്.
Content Highlight: kottayam naseer about aby and shane nigum