| Sunday, 20th December 2020, 6:27 pm

കോട്ടയം നഗരസഭ ആര് ഭരിക്കും? വിമതയുടെ പിന്തുണ യു.ഡി.എഫിന്, ഭരണം നിര്‍ണയിക്കാന്‍ നറുക്കെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ പ്രതിസന്ധി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന്‍ ഡി.സി.സി ഓഫീസിലെത്തി യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതാണ് പ്രതിസന്ധിയിലാക്കിയത്. ഇതോടെ നഗരസഭ ഭരണം തീരുമാനിക്കാന്‍ നറുക്കെടുപ്പ് നടത്തേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ബിന്‍സി സെബാസ്റ്റ്യന്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയതോടെ ഇരുമുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമായി.

ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആര് നല്‍കുന്നുവോ അവരെ പിന്തുണയ്ക്കുമെന്നായിരുന്നു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ നിലപാട്. ഇതോടെ ഇടതുപക്ഷം പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ യു.ഡി.എഫ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയുമായി അനുനയ ശ്രമങ്ങള്‍ നടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതേത്തുടര്‍ന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ ഡി.സി.സി ഓഫീസിലെത്തി പിന്തുണ അറിയിച്ചത്. അഞ്ച് വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമെ യു.ഡി.എഫിനെ പിന്തുണയ്ക്കുകയുള്ളുവെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി ബിന്‍സി പറഞ്ഞു.

നിലവില്‍ കോട്ടയം നഗരസഭയില്‍ ആകെ 52 സീറ്റുകളാണുള്ളത്. ആകെ സീറ്റുകളില്‍ 22 സീറ്റ് എല്‍.ഡി.എഫും യു.ഡി.എഫ് 21 സീറ്റുകളുമാണ് നേടിയത്. 8 സീറ്റുകളാണ് എന്‍.ഡി.എയ്ക്ക് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more