കോട്ടയം: ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള 7.30 എന്ന സമയ പരിധി മാറ്റണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധസമരം. വിവിധ വര്‍ഷങ്ങളിലായി മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിതകളാണ് സമരം നടത്തുന്നത്. ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും ഹോസ്റ്റലിന് പുറത്തെത്തി പ്രതിഷേധസമരം നടത്തി.
നിരവധി നാളുകളായി തങ്ങളുടെ ആവശ്യങ്ങളോട് തീര്‍ത്തും നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
“പല പല അവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തുപോകേണ്ടതുണ്ട്, കോളേജിലേക്കും കോച്ചിംങിനും പോകുന്നവര്‍, ബ്ലോക്കില്‍പ്പെടുന്നവര്‍ അങ്ങിനെ പല അവശ്യങ്ങള്‍. പല പ്രാവശ്യം അധികൃതരോട് പറഞ്ഞെങ്കിലും രക്ഷിതാക്കളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചു” എന്നിട്ടും നിഷേധാത്മക നിലപാട് ആണെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
നിരവധി പ്രാവശ്യം ആവശ്യം മുന്നോട്ട് വെച്ചതിനെ തുടര്‍ന്ന് വെള്ളിഴായ്ച വൈകീട്ട് പ്രിന്‍സിപ്പാളിന്റെയും വൈസ് പ്രിന്‍സിപ്പാളിന്റെയും നേതൃത്വത്തില്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചെങ്കിലും തീര്‍ത്തും അപമാനിക്കുന്ന രീതിയിലായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്ത് കോച്ചിംങ് ആയാലും 7.30ന് ശേഷമുള്ള ഒരു ക്ലാസിനും പെണ്‍കുട്ടികള്‍ പോകെണ്ടെന്നാണ് അധികൃതരുടെ നിലപാട്. 7.29 ന് ഹോസ്റ്റലിന്റെ ഗേയ്റ്റ് അടക്കുമെന്നും അതിന് ശേഷം ഹോസ്റ്റലിന് അകത്ത് കയറ്റിലെന്നും എവിടെ വേണമെങ്കിലും പോകാം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നുമാണ് അധികൃതരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഗേയിറ്റിന് അകത്ത് മാത്രം സുരക്ഷിതത്വം ഒരുക്കു എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ “പട്ടി. കുരങ്ങ് മുതലായ ജീവികള്‍ മുതല്‍ “ഷോ മാന്‍” വരെ ഹോസ്റ്റലില്‍ വരാറുണ്ട് എന്നാലും അതിന് സുരക്ഷിതത്വം നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. ഇതല്ല സെക്യൂരിറ്റി. നിരവധി തവണ വെര്‍ബല്‍ അബ്യൂസിന് വിദ്യാര്‍ത്ഥിനികള്‍ ഇരയായിട്ടുണ്ട് മണിക്കൂറുകളോളം പുറത്തുനിര്‍ത്തിയിട്ടുണ്ട് അപമാനിച്ചിട്ടുണ്ട്. ഇത്തരം കാടന്‍ നയമങ്ങള്‍ അല്ല സുരക്ഷിതത്വം” വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
സംഭവത്തില്‍ കോളെജ് അധികൃതരെ ഡൂള്‍ ന്യൂസ് ബന്ധപ്പെട്ടെങ്കിലും പ്രതികരണം ആരായാന്‍ കഴിഞ്ഞില്ല. നിരവധി പേരാണ് കോളെജ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോളെജിലെ മുന്‍ അധ്യാപകനും ഡോക്ടുറുമായി ജിനേഷ് പി.എസും രംഗത്തെത്തി.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഏഴരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥിനികള്‍ ലേഡീസ് ഹോസ്റ്റലില്‍ കയറണം എന്ന നിബന്ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് ഡോക്ടര്‍ പറഞ്ഞു.
പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരാണവര്‍.ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുപത്തിനാലുമണിക്കൂര്‍ രാപകലില്ലാതെ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. ഒന്‍പത് മണി വരെയുള്ള എന്‍ട്രന്‍സ് ക്ലാസില്‍ പോകാന്‍ പോലും സ്വാതന്ത്ര്യമില്ല. ഇത് ശരിയായ നടപടിയല്ല. ഇവര്‍ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥികളല്ലെന്നും ജിനേഷ് പറഞ്ഞു.
എട്ടരയ്ക്ക് തീരുന്ന ലേബര്‍ റൂം പോസ്റ്റിങ്ങുകളും, കാഷ്വാലിറ്റി പോസ്റ്റിങ്ങുകളും, വാര്‍ഡ് ക്ലാസുകളുമുണ്ട്.ഇവരെയാണ് പൂട്ടിയിടാന്‍ ശ്രമിക്കുന്നത്. ഇതിനോട് യോജിക്കാനാവില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
പ്രതിഷേധവുമായി ഹോസ്റ്റലിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും പുറത്തെത്തിയെങ്കിലും വാര്‍ഡന്‍ അടക്കം ഒരു അധികൃതരും തിരിഞ്ഞു നോക്കാന്‍ തയ്യാറായില്ലെന്നും ഗേറ്റിനകത്ത് കയറിയാല്‍ മാത്രമേ സെക്യൂരിറ്റി തരു എന്നാണ് അവരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എതറ്റം വരെ പോയാലും അവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് രാത്രി പതിനൊന്ന് മണിയോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രിന്‍സിപ്പാളുമായി ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. 7.30ന് ഹോസ്റ്റലില്‍ കയറാനുള്ള സമയം 9.30ആയി തീരുമാനിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.