| Monday, 16th April 2018, 2:49 pm

ആവശ്യത്തിനു അനസ്തീസിയ ഡോക്ടര്‍മാരില്ല; കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറച്ചു

ജിതിന്‍ ടി പി

കോട്ടയം: മെഡിക്കല്‍ കോളേജിലെ അനസ്തീസിയ ഡോക്ടര്‍മാരുടെ കുറവിനെത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നു. നേരത്തെ മെഡിക്കല്‍ കോളേജിലെ അനസ്തീസിയ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതുവരെ അധിക ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറയ്ക്കാന്‍ തിയേറ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു. 35 അനസ്തീസിയ ഡോക്ടര്‍മാരുടെ തസ്തികയാണ് കോട്ടയം മെഡിക്കല്‍ കോളേജിലുള്ളത്. ഇതില്‍ 24 ഡോക്ടര്‍മാരുടെ ഇടം ഒഴിഞ്ഞുകിടക്കുകയാണ്.

ബാക്കിയുള്ള 11 ഡോക്ടര്‍മാരില്‍ 24 മണിക്കൂറും ഡ്യൂട്ടിചെയ്യുന്ന അഞ്ചു ഡോക്ടര്‍മാര്‍ക്ക് അടുത്ത ദിവസം ഓഫ് നല്‍കുന്നതോടെ ബാക്കി ആറു ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. ഇതോടെ മെഡിക്കല്‍ കോളേജിലുള്ള 18 ശസ്ത്രക്രിയ ടേബിളിലും എത്തി ശസ്ത്രക്രിയകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അനസ്തീസിയ വിഭാഗം തലവന്‍ ഡോ. മുരളീകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഓടി നടന്ന് ശസ്ത്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.”

മെഡിക്കല്‍ കോളേജില്‍ അനസ്തീസിയ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തയയ്ക്കാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ജോസ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ തീരുമാനിച്ചു. “മിനിസ്റ്റര്‍ക്കും ഹെല്‍ത്ത് സെക്രട്ടറിയ്ക്കും, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍സിനും ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരുവിധ നടപടിയും ഉള്ളതായി അറിവില്ല.” ഡോ. മുരളീകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ അനിശ്ചിതാവസ്ഥ തുടങ്ങിയിട്ട് ഒന്നരമാസമായെന്നും അദ്ദേഹം പറഞ്ഞു.


Also Read:  കേരളവും വെര്‍ച്വല്‍ റേപ്പിന്റെ പിടിയിലെന്ന് പൊലീസ്; ഇരകളില്‍ മാധ്യമപ്രവര്‍ത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥകളും


ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറച്ചതോടെ രോഗികള്‍ ദുരിതത്തിലാണ്. പല ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സര്‍ജറി, ഓര്‍ത്തോ, ഗൈനക്കോളജി വിഭാഗങ്ങളിലെ ഒരോന്നും ഇ.എന്‍.ടി വിഭാഗത്തിലെ രണ്ട് അധിക ശസ്ത്രക്രിയ ടേബിളുകളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ മാസം നൂറിലധികം ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥയാണ്. അതേസമയം അനസ്തീസിയ ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിനുനസരിച്ച് വെട്ടിക്കുറച്ച ശസ്ത്രക്രിയ ടേബിളുകള്‍ പുന:സ്ഥാപിക്കാനാണ് തീരുമാനം.

എന്നാല്‍ ശസ്ത്രക്രിയ ടേബിളുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സ്‌കൂള്‍ അവധി കണക്കിലെടുത്ത് സര്‍ജറി നടത്താനിരുന്ന രോഗികളെയാണ് വലച്ചിരിക്കുന്നത്. മാത്രമല്ല സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ രോഗികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ തിയേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയ്ക്കായി അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള രോഗികളും കോട്ടയം മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിച്ചിരിക്കുന്നത്. കുട്ടികളുടെ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ തിയേറ്ററും അടച്ചിട്ട സാഹചര്യത്തില്‍ ഇത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തേക്ക് കടന്നു. ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സംസ്ഥാനങ്ങളിലെ ചില ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിരുന്നു. ഇവിടങ്ങളില്‍ മൂന്നു ഡോക്ടര്‍മാരെ വീതം നിയമിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. ഉച്ചയ്ക്ക് ശേഷം ഒ.പി ഡ്യൂട്ടിയെടുക്കാന്‍ പല ഡോക്ടര്‍മാരും തയ്യാറാകുന്നില്ല.


Also Read:  ഒരു നീലക്കൊടിക്ക് കീഴില്‍ ഒരുമിക്കുമോ കേരളത്തിലെ ദളിത് സമൂഹം?


സമരത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നടപടികള്‍ ഉണ്ടായാല്‍ കൂട്ട രാജിയെന്നാണ് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഭീഷണി മുഴക്കുന്നത്.

അതേസമയം സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കി. സമരം അവസാനിപ്പിക്കാതെ ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സമരത്തെ നേരിടാന്‍ ആരോഗ്യമന്ത്രിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി.

ഡോക്ടര്‍മാരുടെ സമരത്തിനുനേരെ തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും അല്ലാതെ തന്നെ സമരക്കാരെ നേരിടണമെന്നുമാണ് മന്ത്രിസഭാ നിര്‍ദ്ദേശം. ജനകീയ ഇടപെടലിലൂടെ സമരത്തെ നേരിടണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഒരുപാട് പേര്‍ക്ക് സഹായകമാകുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയെ ഡോക്ടര്‍മാര്‍ തകര്‍ക്കരുത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്. ഡോക്ടര്‍മാരോട് കൂടി ആലോചിക്കുകയും ചെയ്തിരുന്നു. ഒ.പി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറ് മണി വരെ ആക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

പ്രൊബേഷന്‍ കാലയളവിലുള്ള ഡോക്ടര്‍മാരെ സമരത്തിന് നിര്‍ബന്ധിക്കരുത്. പ്രൊബേഷന്‍ സമയത്ത് സമരം ചെയ്യുന്നവരെ പിരിച്ചുവിടാന്‍ കേരള സര്‍വീസ് ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ആരോടും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഏത് പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും ശൈലജ വ്യക്തമാക്കി.


Also Read:  ക്ഷേത്രത്തിലെ അന്നദാനത്തിന് ഉപയോഗിച്ചത് പൊട്ടക്കിണറ്റിലെ വെള്ളം; അന്നദാനം കഴിച്ചവരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു


അതേസമയം ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സ്തംഭിച്ച അവസ്ഥയിലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പലതും ഇതിനോടകം അടച്ചു പൂട്ടി. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ വച്ചും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചുമാണ് സര്‍ക്കാര്‍ നേരിടുന്നത്.എന്നാല്‍ ഇവിടെയെല്ലാം ഒ.പി കൗണ്ടറുകള്‍ തുറന്നിട്ടുമില്ല. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അസാന്നിധ്യം കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നുമുണ്ട്.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more