മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
Kerala
മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 6:49 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന് അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി തിരികെ പോവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചയ്ക്ക് രണ്ട് മണിക്കെത്തിയവര്‍ 17 മിനിറ്റുകള്‍ക്കകം തിരികെപ്പോയി. കൂടെ വന്നവര്‍ രോഗിക്ക് പനിയാണെന്ന് മാത്രമാണ് അറിയിച്ചത്. വെന്റിലേറ്റര്‍ സൗകര്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്ന മറുപടി ആശുപത്രിയിലെ പിആര്‍ഒ നല്‍കി.

രോഗിയെ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രിയില്‍ നിന്ന് എച്ച്‌വണ്‍ എന്‍വണ്‍ സംശയിക്കുന്നതായി ഡിസ്ചാര്‍ജ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് നിപ വാര്‍ഡില്‍ രോഗിക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി പോയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗി മരിച്ചതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗി ആംബുലന്‍സില്‍ ഉണ്ടെന്ന കാര്യം ബന്ധുക്കള്‍ അറിയിച്ചില്ല. മെഡിക്കല്‍ കോളെജിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിന് മുമ്പായി വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാണോയെന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇത്തരത്തില്‍ യാതൊരു അന്വേഷണവും ഉണ്ടായില്ല. ഇക്കാര്യത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറി.

ബുധനാഴ്ചയാണ് എച്ച്.വണ്‍.എന്‍.വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസ് ചികിത്സ ലഭിക്കാതെ മരിച്ചത്. മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും രോഗിയെ ചികിത്സിക്കാന്‍ തയ്യാറായില്ല.

രോഗിയെ നാലുമണിയോടെ മെഡിക്കല്‍ കോളെജില്‍ തിരച്ചെത്തിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വോഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടിരുന്നു.