കോട്ടയം: കെവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ച കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ കല്ലേറും ലാത്തിചാര്‍ജും. കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാവിലെ എത്തിച്ചപ്പോള്‍ മുതല്‍ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കെവിന്റെ മൃതദേഹം പുറത്തു കൊണ്ടുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും തുടങ്ങുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.
പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് മെഡിക്കല്‍ കോളേജില്‍ എത്തിയ വിവിധ സംഘടനകളുടെ പ്രതിഷേധക്കാരും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി.
സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഒരുവശത്തും ബി.ജെ.പി,കോണ്‍ഗ്രസ്, മറ്റു ദളിത് സംഘടനാ പ്രവര്‍ത്തകര്‍ മറുവശത്തും നിന്നാണ് കല്ലേറ് നടത്തിയത്. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി.
ലാത്തിചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയവര്‍ മോര്‍ച്ചറിയുടെ പലഭാഗങ്ങളിലായി സംഘടിച്ചു. രാവിലെ സ്ഥലത്ത് എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുമായി സി.പി.ഐ.എം പ്രവര്‍ത്തകരും വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.
അതിനിടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. മുഴുവന്‍ നടപടികളും വീഡിയോയിലും പകര്‍ത്തിയിരുന്നു.
അതേസമയം കേസന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി വിജയ് സാഖ്‌റേ മാധ്യമങ്ങളോട് പറഞ്ഞു. നീനുവിന്റെ മാതാപിതാക്കളെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസെന്നും ഗാന്ധിനഗര്‍ എസ്.ഐയുടെ ഭാഗത്ത് നിന്നും ക്രിമിനല്‍ വീഴ്ച ഉണ്ടായതായി ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.