കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന നീനുവിന്റെ അമ്മ രഹ്‌നയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. രഹ്‌ന തമിഴ്‌നാട്ടിലുണ്ടെന്ന സുചനയെ തുടര്‍ന്ന് അന്വേഷണ സംഘം ഇപ്പോള്‍ തമിഴ്‌നാട്ടിലാണ്.
രഹ്നയുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്. എന്നാല്‍ കേസില്‍ രഹ്‌നയുടെ പങ്ക് എന്താണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകു. നേരത്തെ രഹ്‌നയുടെ പത്തനാപുരത്തെ വീട്ടിലും പൊലീസ് അന്വേഷിച്ച് എത്തിയിരുന്നു.
അതേസമയം കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തി കൊന്നതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെ തട്ടില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. കെവിന്റെ അച്ഛന്റെ പരാതി ലഭിച്ചിട്ടും, നീനു നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറഞ്ഞിട്ടും പൊലീസ് പരിഗണിച്ചില്ല എന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.