| Wednesday, 30th May 2018, 7:49 am

ദുരഭിമാനക്കൊല; പൊലീസിന്റേത് ഗുരുതര വീഴ്ച, പൊലീസും പ്രതി സാനുവുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ പൊലീസിന്റെ വീഴ്ചയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സാനുവും ഗാന്ധിനഗര്‍ പൊലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം മനോരമ ന്യൂസ് പുറത്തുവിട്ടു. സംഭാഷണത്തില്‍ കെവിന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്നുവെന്നും പിന്നീട് രക്ഷപ്പെട്ടെന്നും സാനു പൊലീസിനോട് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് സംഘം പൊലീസ് പിടിയിലായിരുന്നു. എന്നാല്‍ ഇവരെ കൂടുതല്‍ പരിശോധന നടത്താതെ ഫോട്ടോ മാത്രം എടുത്ത് പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

ALSO READ:  രഹസ്യക്യാമറ ഓപറേഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോബ്ര പോസ്റ്റ് ഹൈക്കോടതിയില്‍

സംഭാഷണത്തിനിടെ താന്‍ ചെയ്തത് തെറ്റാണെന്ന് സാനു സമ്മതിക്കുന്നുണ്ടെങ്കിലും മറുതലക്കല്‍ പൊലീസ് പ്രതികരിക്കാതിരിക്കുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. നീനുവിന്റെ സഹോദരനാണ് സാനു.

സംഭാഷണത്തില്‍നിന്ന്:

സാനു : പറ സാറേ. കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ കൈയില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്.? അങ്ങ് എത്തിയാണോ പോയത്. ?

സാനു: ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.

സാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍… തരിക. ഞാന്‍ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, സാനു.

സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.

സാനു : ഓകെ.

കെവിന്റെ അമ്മാവന്റെ മകനായ അനീഷിനെയും സംഘം തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. പൊലീസിന്റെ അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് തനിക്ക് മകനെ നഷ്ടമായതെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞിരുന്നു.

പരാതി കൊടുത്തിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയ ശേഷം മാത്രമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

പൊലീസിന്റെ ഈ സമീപനം കൊണ്ട് ഇല്ലാതായത് എന്റെ മകന്റെ ജീവനാണെന്നും ജോസഫ് പറഞ്ഞു. പരാതി നല്‍കിയിട്ട് പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more