| Wednesday, 18th April 2018, 3:01 pm

വിദ്യാര്‍ത്ഥികളുടെ സിനിമാസ്വപ്‌നത്തിന് വിലങ്ങുതടി; കോട്ടയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലസമരത്തില്‍

ജിതിന്‍ ടി പി

2016 ജനുവരി 11ന് അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇന്ത്യയിലെ മൂന്നാമത്തെ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനായി സമര്‍പ്പിച്ചത്. 2014ല്‍ തന്നെ ആദ്യ ബാച്ച് ഇവിടെ പഠനം ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചിരിക്കുകയാണ്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അഡ്മിനിസ്‌ട്രേഷന്‍ പരാജയപ്പെട്ടെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ദേശീയ നിലവാരത്തിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആവശ്യമായ പ്രിവ്യൂ തീയേറ്ററോ മിക്‌സിംഗ് സ്റ്റുഡിയോയോ നിലവില്‍ ഇവിടെയില്ല. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കേണ്ട സ്‌കോളര്‍ഷിപ്പ് പോലും നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്നോട്ടടിക്കുന്ന സാഹചര്യം ഇല്ലാതാക്കാനും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കുന്ന നിലപാടില്‍ മാറ്റം വരുത്താനുമാണ് സമരം ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഇതുവരെ ലഭ്യമായിട്ടില്ല.

” ആദ്യ പ്രൊജക്ട് ആരംഭിക്കുമ്പോള്‍ തന്നെ 15000 രൂപയാണ് തരേണ്ടത്. പ്രീ-പ്രൊഡക്ഷന്‍ ജോലി ആരംഭിക്കുമ്പോള്‍ 35000 രൂപയും അത് കഴിഞ്ഞ് മൊത്തം വര്‍ക്കിന് രണ്ട് ലക്ഷം രൂപയുമാണ് നല്‍കേണ്ടത്. എന്നാല്‍ ആദ്യം കിട്ടേണ്ട 15000 രൂപയില്‍ 10000 രൂപ മാത്രമാണ് പല വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ചത്. രണ്ടാമത് ലഭിക്കേണ്ട 35000 രൂപ ആര്‍ക്കും കിട്ടിയിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തത മൂലം വര്‍ക്ക് മോശമാകുന്ന സ്ഥിതിയാണ്.” കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ ഭരത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.


Also Read:  ‘ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ എന്നെയും കുടുംബത്തെയും അങ്ങ് കൊന്നുകളഞ്ഞേക്ക് ‘: സര്‍ക്കാര്‍ തിരിച്ചെടുത്ത ഭൂമിയില്‍ കുടില്‍കെട്ടി ചിത്രലേഖയുടെ സമരം


മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലാണ് വിദ്യാര്‍ത്ഥി സമരം തുടരുന്ന കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്. നിലവില്‍ കെ.അമ്പാടിയാണ് ഡയറക്ടര്‍. അദ്ദേഹത്തിന് മറ്റു വകുപ്പുകളുടെ ചുമതല കൂടി വഹിക്കണമെന്നതിനാല്‍ സ്ഥാപനത്തിന് മേല്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കൃത്യമായ ആസൂത്രണവും സംഘാടന മികവും ഇല്ലാത്തതിനാല്‍ 2017 ബാച്ച് സീറോ ബാച്ചായി പ്രഖ്യാപിച്ചതും വിവാദമായിരുന്നു.

വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും സാംസ്‌കാരികമന്ത്രിയും ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. “16ാം തിയതിയായിരുന്നു പ്രൊഡക്ഷന്‍ ഡേ. 13ാ ംതിയതി ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിലൊന്നും വ്യക്തമായ മറുപടിയില്ല. 16ാം തിയതി എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദ്ദേശവുമില്ലായിരുന്നു.”- ഭരത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഫണ്ടില്ലെങ്കില്‍ ഷൂട്ട് ചെയ്യേണ്ട എന്നതായിരുന്നു ഡയറക്ടറുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


Also Read:  പൊലീസിലെ ക്രിമിനലുകളെ ആര് പിടിക്കും?


ആവശ്യമായ തുക അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്ന് കാശ് ചെലവാക്കിയാണ് ഷൂട്ടിംഗ് നടത്തുന്നതെന്നും നടീനടന്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഡയറക്ടറുമായി സമരത്തിനുമുന്‍പ് സംസാരിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങള്‍ കൊണ്ടല്ല ഇപ്പോഴത്തെ പ്രതിസന്ധിയെന്നും നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ് സംവിധായകനും ഇന്‍സ്റ്റ്യൂട്ട് ചെയര്‍മാനുമായ ഹരികുമാര്‍ പറയുന്നത്.

ആറുബാച്ചുകളിലായി 60 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സംവിധാനം, അഭിനയം, എഡിറ്റിങ്, സിനിമോറ്റോഗ്രഫി, സൗണ്ട് എഞ്ചിനീയറിങ്, വിഷ്വല്‍ എഫക്ട്സ് ആന്‍ഡ് അനിമേഷന്‍ എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സിനിമകളാണ് പ്രതിസന്ധി നേരിടുന്നത്.

ഉമ്മന്‍ചാണ്ടി ആദ്യ ടേമില്‍ മുഖ്യമന്ത്രിയായ സമയത്താണ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കുന്നത്. 2011 ല്‍ വീണ്ടും അധികാരത്തില്‍ വന്നതിനുശേഷമാണ് ഇവിടെ ആദ്യബാച്ച് അഡ്മിഷനെടുക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് ഈ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രിയായ രവീന്ദ്രനാഥിനെ ഒരു സംഘം പോയി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് സംവിധായകന്‍ ഹരികുമാറിനെ സര്‍ക്കാര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. മുഖ്യമന്ത്രിയോ, വിദ്യാഭ്യാസമന്ത്രിയോ ഏറ്റെടുക്കേണ്ട ചുമതലയാണിത്.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more