| Thursday, 28th November 2019, 1:05 pm

ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടപടി പൂര്‍ണ്ണമായില്ലെന്ന് ആരോപണം; 95 കുട്ടികളെ വീട്ടിലേക്ക് കൂട്ടി രക്ഷിതാക്കള്‍; സമാനസംഭവം 2014ലും

രോഷ്‌നി രാജന്‍.എ

കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥിനികളെ സംഗീതാധ്യാപകന്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടപടി പൂര്‍ണ്ണമായില്ലെന്ന ആരോപണവുമായി രക്ഷിതാക്കള്‍.

രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് സംഗീതാധ്യാപകന്‍ വൈക്കം നരേന്ദ്രനാഥിനെ അറസ്റ്റ് ചെയ്തെങ്കിലും മറ്റ് അധ്യാപകരുടെ ഭാഗത്ത് നിന്നും വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ മോശം പെരുമാറ്റം തുടരുകയാണെന്നും ആരോപണമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂളിലെ മറ്റ് ചില അധ്യാപകരും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നുണ്ടെന്ന് നേരത്തേ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. 12 ആദിവാസി പെണ്‍കുട്ടികളെയാണ് അധ്യാപകന്‍ ലൈംഗികമായി ആക്രമിച്ചത്.

സംഭവത്തില്‍ അധ്യാപകനെ ന്യായീകരിക്കുകയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ചെയ്ത മറ്റ് മൂന്ന് അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ നടപടി വൈകിയതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥിനികളെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇത്തരത്തില്‍ 95 വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി.

നവംബര്‍ 18ാം തീയതിയാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ വന്ന് കുട്ടികളെ കൂട്ടിയത്. ഇടുക്കി,പാലക്കാട് ജില്ലകളിലെ അട്ടപ്പാടി, മറയൂര്‍, കാന്തല്ലൂര്‍ ആദിവാസി ഊരില്‍ നിന്നുള്ള കുട്ടികളാണ് വീട്ടിലേക്ക് മടങ്ങിയത്. അധ്യയന വര്‍ഷം അവസാനിക്കാനിരിക്കേ കുട്ടികളുടെ പഠനം മുടങ്ങുന്നതില്‍ ആശങ്കയിലാണ് രക്ഷിതാക്കള്‍.

ഇതുവരെയും രക്ഷിതാക്കളുടെ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും എത്രയും പെട്ടന്ന് മറ്റ് അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഗീതാധ്യാപകന്‍ നരേന്ദ്രനാഥില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നു എന്നാണ് ഏറ്റുമാനൂര്‍ എം.ആര്‍.എസ് സ്റ്റുഡന്റസ് കൗണ്‍സിലര്‍ ഷേര്‍ലി ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

2014ലും ഇതേ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ സ്പോര്‍ട്സ് അധ്യാപകന്റെ ലൈംഗികാക്രമണം ഉണ്ടായിട്ടുണ്ട്.

വളരെ വൈകിയാണ് അന്ന് ആ അധ്യാപകന് നേരെ നടപടിയുണ്ടായതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ പ്രധാനാധ്യാപകന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാതെ സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവെക്കുകയായിരുന്നു.

ആരോപണവിധേയനായ അധ്യാപകനെ സംരക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. മാതാപിതാക്കള്‍ പ്രതിഷേധവുമായി മുന്നോട്ടെത്തിയപ്പോഴാണ് പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരം നരേന്ദ്രനാഥിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നരേന്ദ്രനാഥിനെ സംരക്ഷിക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകന്‍ എം.ആര്‍ വിജയന്‍, മറ്റ് അധ്യാപകരായ ശോഭ ടി.ആര്‍, ബിന്ദു, ദീപു എന്നിവരെ പിരിച്ചുവിടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

‘നിലവില്‍ സ്‌കൂളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകര്‍ മോശമായാണ് പെരുമാറുന്നത്. കുട്ടികള്‍ക്കുനേരെ അധ്യാപകര്‍ കണ്ണുതുറിച്ചു നോക്കുകയും മുറുമുറുക്കുകയും ചെയ്യുന്നുണ്ടെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നവംബര്‍ ആറിന് നടന്ന പി.ടി.എ യോഗത്തിലാണ് മൂന്ന് അധ്യാപകര്‍ക്ക് നേരെ നടപടി എടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത്. കളക്ടറുടെ സാനിധ്യത്തിലാണ് യോഗമുണ്ടായത്. എന്നാല്‍ ഇത്രദിവസമായിട്ടും അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല’.

വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട തങ്ങളെ മാനസികമായി അധ്യാപകര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും സ്റ്റുഡന്റസ് കൗണ്‍സിലര്‍ ഷേര്‍ലി പറഞ്ഞു.

‘പി.ടി.എ പ്രസിഡണ്ടിന്റെ ഭര്‍ത്താവിന്റെ പേരില്‍ ഊമക്കത്ത് വന്നിരുന്നു. കത്തില്‍ വിഷയത്തിനെതിരെ പ്രതികരിച്ചവരുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അധ്യാപകനെ തങ്ങള്‍ മനപൂര്‍വ്വം കുടുക്കിയതാണെന്ന രൂപത്തിലാണ് ബിന്ദു ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുന്നത്. കളക്ടറും വിഷയത്തില്‍ പിന്നീട് ഒരക്ഷരം പോലും പറഞ്ഞിട്ടില്ല’. ഷേര്‍ലി കൂട്ടിച്ചേര്‍ത്തു.

എം.ആര്‍.എസ് സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട് ധര്‍മജനും വിഷയത്തില്‍ പ്രതികരിച്ചു. ‘രക്ഷിതാക്കള്‍ പി.ടി.എ യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ കുറച്ച് ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. ശോഭ ടീച്ചര്‍ കുട്ടികളോട് മോശമായി പെരുമാറിയെന്നും രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ഒരു ടീച്ചര്‍ കുട്ടികളുടെ വീട്ടിലേക്ക് വിളിച്ച് മോശമായി സംസാരിച്ചതായും പരാതി ഉയര്‍ന്നിരുന്നു.

പുറത്താക്കിയ അധ്യാപകന്‍ നിരപരാധിയാണെന്നാണ് പ്രധാനധ്യാപകന്റെ നിലപാട്. മോശമായ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഊമക്കത്ത് പി.ടി.എ പ്രസിഡണ്ടിന്റെ ഭര്‍ത്താവിന്റെ പേരില്‍ വന്നുവെന്നും അറിയുന്നു. സ്‌കൂളിലെ രജിസ്റ്ററിലാണ് പി.ടി.എ പ്രസിഡണ്ടിന്റെ അഡ്രസ്സുള്ളത്. അതിനാല്‍ ആരാണ് കത്ത് അയച്ചതെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയങ്ങളുണ്ട്’. ധര്‍മജന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെര്‍മാന്‍ എന്ന രീതിയില്‍ മാത്രമേ വിഷയത്തില്‍ ഇടപെടാന്‍ കഴിയൂ എന്നാണ് കോട്ടയം കളക്ടര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ‘എക്‌സിക്യൂട്ടീവ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേര്‍ന്നാണ് മീറ്റിംഗ് കൂടിയത്.

കാര്യങ്ങളെല്ലാം മീറ്റിംഗില്‍ സംസാരിക്കുകയും ചെയ്തു. പിന്നീട് നടന്ന പി.ടി.എ യോഗത്തില്‍ ഞാനല്ല എന്റെ പ്രതിനിധികളാണ് പങ്കെടുത്തത്. പി.ടി.എ മീറ്റിംഗില്‍ രക്ഷിതാക്കള്‍ ഉന്നയിച്ച കാര്യം ബാക്കി മൂന്ന് അധ്യാപകര്‍ക്ക് നേരെയും നടപടിയെടുക്കണമെന്നതാണ്.

എന്നാല്‍ അതില്‍ ഞാനെന്ത് നടപടിയാണ് എടുക്കേണ്ടത്? ടീച്ചേഴ്‌സിനെതിരെ നടപടിയെടുക്കേണ്ടത് കളക്ടറല്ല എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്. സ്‌കൂള്‍ നന്നായി കൊണ്ടുപോവണമെന്നേ എനിക്കുള്ളൂ’. കളക്ടര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞതിങ്ങനെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വീണ്ടും പരാതിയുമായി കളക്ടര്‍ക്കരികില്‍ ചെന്നെങ്കിലും ഇതില്‍ ഇടപെടാന്‍ ആവില്ലെന്നും വിഷയത്തില്‍ നടപടിയെടുക്കേണ്ടത് എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നും കളക്ടര്‍ പറഞ്ഞതായി രക്ഷിതാവ് റുബീന പറഞ്ഞു.

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more