| Sunday, 16th January 2022, 2:41 pm

സദാചാര പൊലീസാവാനില്ല; പങ്കാളികളെ പങ്കുവെക്കുന്നത് പരസ്പര സമ്മതത്തോടെയെങ്കില്‍ ഇടപെടാനാകില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ.

പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതില്‍ കേസെടുത്താല്‍ സദാചാര പൊലീസിങ്ങ് ആകുമെന്നും ഡി. ശില്‍പ പറഞ്ഞു.

പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാനാകൂ അല്ലാത്തപക്ഷം നിയമപരമായ തിരിച്ചടി നേരിടുമെന്നും ചങ്ങനാശ്ശേരി സംഭവത്തില്‍ പീഡനക്കേസാണ് എടുത്തിരിക്കുന്നതെന്നും ഡി. ശില്‍പ അറിയിച്ചു.

”പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ അത് കുറ്റകൃത്യമല്ല. സദാചാര പൊലീസിങ്ങ് നമ്മള്‍ ചെയ്യാന്‍ പാടില്ല.

സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കില്‍ അത് റേപ് ആണ്. അങ്ങനെ പരാതി ലഭിച്ചാല്‍ കേസെടുക്കും,” ഡി. ശില്‍പ പറഞ്ഞു.

പങ്കാളികളെ പങ്കുവെച്ചതില്‍ നിലവില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ബലത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.

”ഈ കേസില്‍ എടുത്തത് പങ്കാളികളെ കൈമാറ്റം ചെയ്തതിനുള്ള കേസല്ല. ബലാത്സംഗ പരാതിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്.

ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം പങ്കാളികളെ പങ്കുവെക്കുന്ന പാര്‍ട്ടികളിലേക്ക് കൊണ്ടുപോയി എന്നതാണ് കേസ്. അവിടെ സ്ത്രീയുടെ സമ്മതമില്ലാത്തതു കൊണ്ട് അത് റേപ് ആവും. റേപ് കേസാണ് അവിടെ എടുത്തത്.

ഈ കാര്യമാണ് ആദ്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഒരുപാട് പേര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്,” ഡി. ശില്‍പ കൂട്ടിച്ചേര്‍ത്തു.

കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ കേസിലെ പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിനിരയായതായി യുവതിയുടെ സഹോദരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് സംഘത്തിലെത്തിച്ചതെന്നും മറ്റൊരാളോടൊപ്പം പോകാന്‍ വിസമ്മതിച്ചപ്പോള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാതായതോടെ സഹോദരിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

നിരവധി പേര്‍ പങ്കാളിക്കൈമാറ്റത്തിന് ഇരയാണെന്ന് പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞിരുന്നു.

പങ്കാളികളെ പങ്കിടുന്ന നിരവധി സംഘങ്ങള്‍ കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും എന്നാല്‍ ഇരകളായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഭയന്ന് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ പരിമിതി ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്.

മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും കപ്പിള്‍ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനം നടന്നിരുന്നതെന്നും പൊലിസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kottayam District Police chief on transfer of partners to each other

We use cookies to give you the best possible experience. Learn more