കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് ഉലച്ചിലുണ്ടാകരുത്; നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സംയുക്ത വാര്‍ത്താസമ്മേളനവുമായി സി.എസ്.ഐ സഭയും കോട്ടയം താഴത്തങ്ങാടി പള്ളിയും
Narcotics Jihad
കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് ഉലച്ചിലുണ്ടാകരുത്; നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സംയുക്ത വാര്‍ത്താസമ്മേളനവുമായി സി.എസ്.ഐ സഭയും കോട്ടയം താഴത്തങ്ങാടി പള്ളിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th September 2021, 2:47 pm

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ സംയുക്ത വാര്‍ത്താസമ്മേളനവുമായി സി.എസ്.ഐ സഭ ബിഷപ്പും കോട്ടയം താഴത്തങ്ങാടി പള്ളിയിലെ ഇമാമും.

ലവ് ജിഹാദോ നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്ന് സി.എസ്.ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഇലവുപാലം ശംസുദ്ദീന്‍ മന്നാനിയും പറഞ്ഞു.

‘പ്രദേശത്തിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തണം. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് ഉലച്ചിലുണ്ടാകരുത്,’ ഇരുവരും പറഞ്ഞു.

സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത കാണിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും ആവശ്യപ്പെട്ടു.

നേരത്തെ പാലാ ബിഷപ്പിന്റെ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെ ശംസുദ്ദീന്‍ മന്നാനിയാണ് ആദ്യമായി മാധ്യമങ്ങളെ കണ്ട് വിഷയത്തില്‍ മുസ്‌ലിം വിഭാഗത്തിനുള്ള എതിര്‍പ്പ് അറിയിച്ചത്.

ഇത്തരമൊരു പരാമര്‍ശം ബിഷപ്പ് നടത്താന്‍ പാടില്ലായിരുന്നെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഈ രീതിയിലേക്ക് സഭ പോകരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. കോട്ടയം മുസ്‌ലിം ഐക്യവേദിയുടെ അധ്യക്ഷന്‍ കൂടിയാണ് ശംസുദ്ദീന്‍ മന്നാനി.

നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ടും രംഗത്തെത്തിയിരുന്നു.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kottayam CSI Sabaha Thazhathangadi Masjid Imam Narcotic Jihad