| Wednesday, 23rd December 2020, 3:02 pm

പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അവിശ്വസനീയം; നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്; ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നെന്നും കോട്ടയം അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍  കുറ്റക്കാരായ  തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് കോട്ടയം ക്‌നാനായ സഭ അതിരൂപത.

കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അതിരൂപത വികാരി ജനറല്‍ വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടത്. അതിരുപതയുടെ പി.ആര്‍.ഒ അഡ്വക്കേറ്റ് അജി കോയിക്കലാണ് വാര്‍ത്താ കുറിപ്പില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദു:ഖകരവും നിര്‍ഭാഗ്യകരവുമായിരുന്നെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.  കോടതി വിധിയെ അതിരൂപത മാനിക്കുന്നെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ടെന്നും അതിരൂപത പ്രതികരിച്ചു.

എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദു:ഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നുണ്ട്. കേസില്‍ ബുധനാഴ്ചയാണ് തിരുവന്തപുരം സി.ബി.ഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.

അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും ചൊവ്വാഴ്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യമുള്ളതിനാലും പരമാവധി ശിക്ഷാ ഇളവ് നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ജഡ്ജിയുടെ ചേമ്പറിലെത്തി ഇന്നും ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കൊലക്കുറ്റം തെളിഞ്ഞുകഴിഞ്ഞെന്നും തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ചുകയറുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.

ഫാ.തോമസ്‌കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.

പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

കോട്ടയം അതിരൂപതയുടെ വാര്‍ത്താകുറിപ്പ് പൂര്‍ണരൂപം,

കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദു:ഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപതാംഗങ്ങളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കൊല ചെയ്തതെന്നും സി.ബി.ഐ സ്‌പെഷ്യല്‍ കോടതി വിധിക്കുകയും ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.

അവര്‍ക്കെതിരായ ആരോപണങ്ങള്‍ അവിശ്വനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദു:ഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു.

അഡ്വക്കേറ്റ് അജി കോയിക്കല്‍
പി.ആര്‍.ഒ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Kottayam Archdiocese’s response to the court verdict in the Sister Abhaya murder case

We use cookies to give you the best possible experience. Learn more