'ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കാനാകില്ല'; കോടതിയില്‍ കോട്ടയം അതിരൂപതക്ക് തിരിച്ചടി
Kerala News
'ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കാനാകില്ല'; കോടതിയില്‍ കോട്ടയം അതിരൂപതക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd September 2022, 8:19 am

കോട്ടയം: ക്നാനായ സമുദായവുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം അതിരൂപതക്ക് തിരിച്ചടി. ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ ആരെയും ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോടതി വിധിച്ചു.

ഇതര സമുദായങ്ങളില്‍ നിന്നുളള വിവാഹത്തിന്റെ പേരില്‍ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നല്‍കിയ എട്ട് അപ്പീലുകളാണ് കോടതി പരിഗണിച്ചത്.

നേരത്തെ കോട്ടയം സബ് കോടതിയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയ അപ്പീല്‍ തളളിക്കൊണ്ടാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

ക്‌നാനായ നവീകരണ സമിതിയുടെ ആവശ്യം ജില്ലാ കോടതി ശരിവെക്കുകയും ചെയ്തു. ക്നാനായ നവീകരണ സമിതിയാണ് സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യവുമായി 2015ല്‍ നിയമനടപടികള്‍ ആരംഭിച്ചത്.

അതേസമയം, ജില്ലാ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കോട്ടയം അതിരൂപത അറിയിച്ചു. ക്നാനയ സമൂദായത്തിന്റെ നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തെ വിലമതിക്കാതെയും അതിരൂപത മുന്നോട്ടുവെച്ച വാദങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കാതെയുമുള്ള വിധിക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്ന് കോട്ടയം അതിരൂപത പി.ആര്‍.ഒ ഫാ. ജോര്‍ജ് കറിരപ്പറമ്പില്‍ പ്രസ്താവനയില്‍ അറിയിച്ചു.

CONTENT HIGHLIGHTS: Kottayam Archdiocese hits back in case related to Knanaya community