| Wednesday, 7th November 2018, 12:02 pm

കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി: ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം മാന്നാനത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ട് ഈ നിലപാടെടുത്തത്.

സുപ്രീം കോടതി മാനദണ്ഡപ്രകാരം കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും ആ രീതിയില്‍ കേസ് പരിഗണിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിഭാഗം ഇത് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കെവിനെ നീനുവിന്റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീം കോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും.

Also Read:വിദ്യാസമ്പന്നരായ മലയാളികള്‍ സുപ്രീംകോടതിവിധി സ്വീകരിക്കുമെന്ന് കരുതി: ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന ആന്ധ്ര തീര്‍ത്ഥാടക

കേരളത്തില്‍ ആദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.

മെയ് 27നാണ് കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതി നല്‍കുന്നത്. ഇതിനു പിന്നാലെ മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി.

ഭാര്യ നീനുവിന്റെ സഹോദരനടക്ക കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചശേഷം ആറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികളാണ് കേസിലുള്ളത്.

We use cookies to give you the best possible experience. Learn more