| Monday, 25th October 2021, 11:14 am

സമൂഹം ഒറ്റപ്പെടുത്തി, ഒത്തുതിര്‍പ്പിന് പണം വാങ്ങിയെന്ന് ആരോപിച്ചു; പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തുവയസുകാരിയുടെ പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബന്ധുക്കള്‍. സംഭവത്തിന് ശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്നും നുണപ്രചരണം നടത്തിയെന്നും അതിന്റെ മനോവിഷമത്തിലാണ് കുട്ടിയുടെ അച്ഛന്‍ ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ ഒറ്റപ്പെടുത്തി. ഇന്നലെ പുറത്തിറങ്ങിയപ്പോഴും സംശയത്തോടെ നോക്കി. ഇതില്‍ മനംനൊന്താണ് അച്ഛന്‍ ജീവനൊടുക്കിയത്. കേസ് ഒത്തുതിര്‍പ്പാക്കാന്‍ തങ്ങള്‍ പണം വാങ്ങിയെന്ന് വരെ ചിലര്‍ ആരോപിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.

കോട്ടയം കുറിച്ചിയിലാണ് പത്ത് വയസുകാരി പീഡനത്തിന് ഇരയായത്. കുട്ടിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസുള്ള യോഗിദാസന്‍ ആണ് പിടിയിലായത്.

പലചരക്ക് കട നടത്തുന്ന യോഗി ദക്ഷന്‍ സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും മറ്റും നല്‍കി.

കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് കടുത്ത സമ്മര്‍ദ്ദത്തിലും വിഷമത്തിലുമായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more