| Tuesday, 3rd April 2018, 5:23 pm

കോട്ടക്കല്‍ ബൈപാസ് സമരം: നിരാഹാരമിരുന്ന ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കി; പൊലീസെത്തിയത് സമര നേതാക്കള്‍ പോയതിനു പിന്നാലെ; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരെ നിരാഹാര സമരം നയിച്ച ഷബീനയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതിനുപിന്നാലെയാണ് പൊലീസ് ഇടപെടല്‍. ഷബീനയുടെ നേതൃത്വത്തില്‍ സ്ത്രീകളായിരുന്നു ഇവിടെ സമരം നടത്തി പോരുന്നത്.

വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് കോട്ടക്കലിനടുത്ത് ജനകീയ കൂട്ടായ്മ സമരം ആരംഭിച്ചത്. ബൈപ്പാസ് കോട്ടക്കല്‍ ചങ്കുവെട്ടി വഴിത്തന്നെ വേണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. സമരം മൂന്നാംദിവസത്തിലേക്ക് കടന്നതിനു പിന്നാലെ പൊലീസ് സാന്നിധ്യത്തില്‍ മെഡിക്കല്‍ സംഘം ഷബീനയെ പരിശോധിച്ചിരുന്നു.

എന്നാല്‍ പ്രാഥമിക പരിശോധനയില്‍ രക്തസമ്മര്‍ദമടക്കം പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നതെന്ന് രാജേഷ് വി അമല ഡൂള്‍ന്യൂസിനോട് പറഞ്ഞു. തിരൂര്‍ ആശുപത്രിയിലേക്കാണ് ഷബീനയെ കൊണ്ടുപോയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കാണ് അറസ്റ്റുചെയ്ത് നീക്കിയത്.

സമര നേതാക്കളെല്ലാം പിരിഞ്ഞു പോയ സമയത്തായിരുന്നു അറസ്‌റ്റെന്നും സമരസമിതി ആരോപിക്കുന്നു. പ്രവര്‍ത്തകരെല്ലാം ഉച്ഛഭക്ഷണത്തിനു പിരിഞ്ഞ സമയത്തായിരുന്നു അറസ്റ്റ്. സമര പന്തലില്‍ നിന്നും വലിച്ചിഴച്ചാണ് ഷബീനയെ പൊലീസ് കൊണ്ടുപോയതെന്നും ആരോപണമുണ്ട്. പന്തലിലുണ്ടായിരുന്നവര്‍ പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ചെങ്കിലും ഷബീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷബീനയ്ക്ക് പകരം മറ്റൊരു സ്ത്രീ ഇപ്പോള്‍ സമരം ആരംഭിച്ചിട്ടുണ്ട്. ഷബീന സമര പന്തലിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രങ്ങള്‍/വീഡിയോ: രാജേഷ് വി അമല

We use cookies to give you the best possible experience. Learn more