വിജയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ കൊട്ടാച്ചി. തനിക്ക് സിനിമകള്‍ ലഭിക്കാന്‍ കാരണക്കാര്‍ വിജയ്‌യും വിവേകുമാണെന്നും അവര്‍ മറ്റുള്ളവരെ ഒരുപാട് സഹായിക്കാറുണ്ടെന്ന് കൊട്ടാച്ചി പറഞ്ഞു. ആഗയം സിനിമാസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൊട്ടാച്ചി.
‘വിജയ് സാറിന്റെ കൂടെ ഒമ്പത് പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, ബദ്രി, ഭഗവതി, യൂത്ത്, വസീഗര, കുരുവി, സുറ അങ്ങനെ ഒരുപാട് പടങ്ങളുണ്ട്. ഈ പടത്തിലെല്ലാം ഞാന്‍ വരാന്‍ കാരണം വിജയ് സാറും വിവേക് സാറുമാണ്.
ബദ്രിയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു സംഭവമുണ്ടായിരുന്നു. അരുണാചലം സ്റ്റുഡിയോയില്‍ ചായക്കടയുടെ സെറ്റിട്ടിരിക്കുകയാണ്. ഞാന് വേറെ ഏതോ പടത്തിന്റെ സെറ്റില്‍ നിന്നും വരികയായിരുന്നു. ഇവരെല്ലാം പുറത്ത് കസേരയിട്ടിരുന്ന് സംസാരിക്കുകയാണ്.
ഞാന്‍ വരുന്നത് കണ്ട് ഒരു പയ്യന്‍ കസേര എടുക്കാന്‍ പോയി. അപ്പോള്‍ വിജയ് സാര്‍ എന്നോട് മടിയില്‍ വന്നിരിക്കാന്‍ പറഞ്ഞു. ഒരു ആര്‍ടിസ്റ്റും അങ്ങനെ ചെയ്യാറില്ല. എന്നാല്‍ ദളപതി എന്നെ മടിയില്‍ ഇരുത്തി. കസേര വന്നപ്പോള്‍ ഞാന്‍ മാറി കസേരയില്‍ ഇരുന്നു,’ കൊട്ടാച്ചി പറഞ്ഞു.
കമല്‍ ഹാസനൊപ്പം അഭിനയിച്ച അനുഭവങ്ങളും കൊട്ടാച്ചി പങ്കുവെച്ചു. ‘ഒരുപാട് വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടിട്ടും കമല്‍ സാറിന്റെ പടത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം വിവേക് സാറിന് ലഭിച്ചില്ല. എന്നാല്‍ എനിക്ക് ലഭിച്ചു. 100 ദിവസം അദ്ദേഹത്തോടൊപ്പമായിരുന്നു. വിരുമാണ്ടി എന്ന സിനിമയില്‍. കമല്‍ സാറിനെ കാണാന്‍ പോലും സാധിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല.
അതില്‍ ലൈവ് ഡബ്ബിങ്ങായിരുന്നു. സ്‌ക്രിപ്റ്റിലില്ലാത്ത രണ്ട് ഡയലോഗ് ഞാന്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അത് അങ്ങനെ തന്നെ പടത്തില്‍ വെക്കണമെന്ന് അദ്ദേഹം പറഞ്ഞു,’ കൊട്ടാച്ചി പറഞ്ഞു.